തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.
കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്‌കോർ 600 ൽ 583.6440) കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (സ്‌കോർ 600 ൽ 575.7034) കോട്ടയം സ്വദേശി ഫ്രഡി ജോർജ് റോബിൻ മൂന്നാം റാങ്കും (സ്‌കോർ 600 ൽ 572.7548) കരസ്ഥമാക്കി. വിജയികളെ ഉന്നത വിദ്യാഭ്യാസ അഭിനന്ദിച്ചു.
ആകെ 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും 25,346 പേർ ആൺ കുട്ടികളുമാണ്. ആദ്യ 5000 റാങ്കിൽ സംസ്ഥാന ഹയർസെക്കൻഡറി സിലബസ്സിൽ നിന്ന് 2,043 പേരും സി.ബി.എസ്.ഇ യിൽ നിന്ന് 2,790 പേരും യോഗ്യത നേടി.
ആദ്യ 1000 റാങ്കിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും (154), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ് (135). മെയ് 17 ന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്‌കോർ മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 339 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. റെക്കോർഡ് വേഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
2023-24 അധ്യയന വർഷത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ജൂലൈ ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും.
ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.