മെസിക്ക് ഇത് സ്വപ്ന കോപ്പ

Share

മാരക്കാന: ഫുട്ബോളിലെ വ്യക്തിഗത നേട്ടങ്ങൾ ഓരോന്നോരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ചൂണ്ടിക്കാണിക്കാൻ ദേശീയ ജേഴ്സിയിൽ പേരിനൊരു കിരീടം പോലും സൂപ്പർതാരം ലയണൽ മെസിക്ക് ഇല്ലെന്ന പഴി ഇനി മറക്കാം.

കാൽപ്പന്തു കളിയുടെ കാവ്യനീതിയായി മാരക്കാനയിലെ സ്വപ്‌നഫൈനലിന് ഒടുവിൽ ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് ഫുട്‌ബോളിന്റെ ഒരേയൊരു മിശിഹ.

ആറ് ബാലൻദ്യോർ പുരസ്‌കാരങ്ങളും യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ, ഫിഫ ലോക ഫുട്‌ബോളർ, ചാമ്പ്യൻസ് ലീഗ്. ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാമുണ്ടെങ്കിലും കരിയറിൽ അപൂർണമായി ബാക്കിനിന്ന ഒരു രാജ്യാന്തര കിരീടം അർജന്റീന ജേഴ്സിയിൽ മുത്തമിടാൻ ഒടുവിൽ വഴി തുറന്നത് എന്നും ഒപ്പമുണ്ടായിരുന്ന സഹതാരം എഞ്ചൽ ഡി മരിയയും.

അർജന്റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങിയപ്പോൾ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയത് മെസി ആരാധകരുടെ മനസിലാണ്.

ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടക്കുമ്പോൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത് അർജന്റീനിയൻ ആരാധകർക്ക് ഇത് അനർഘ നിമിഷങ്ങളായി.

ലാറ്റിനമേരിക്കൻ ഫുട്‌ബോൾ മഹായുദ്ധത്തിൽ കാനറിക്കിളികളെ നിശബ്ദരാക്കിയാണ് ലിയോണൽ മെസിയുടെ അർജന്റീന സ്വപ്ന കോപ്പ സ്വന്തമാക്കിയത്. എഞ്ചൽ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയിൽ നീലാകാശം നിറവോടെ പിറവികൊണ്ടു.

ഫുട്ബോളിന്റെ വാഗ്ദത്തഭൂമിയിൽ ഒടുവിൽ കിരീടധാരണം. ഇന്നോളം വിമർശകർ പരിഹസിച്ച കിട്ടാക്കനിയായ കിരീടം നേടി മിശിഹായുടെ സ്ഥാനാരോഹണം. 1993ന് ശേഷം ഇതാദ്യമായാണ് അർജന്റീന ഒരു പ്രധാന കിരീടം നേടുന്നത്.