വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് . ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയിലെ സൈന്യവുമായി ചേർന്നാണ് ഗവേഷണങ്ങൾ നടക്കുന്നത് .
മൃഗങ്ങളിൽ നിന്നുമുണ്ടാകുന്ന വൈറസുകളെ കുറിച്ചും , അവ പടർത്തുന്ന രോഗങ്ങളെ കുറിച്ചുമാണ് വുഹാനിൽ പഠനം നടക്കുന്നത് . നേരത്തെ ഇത്തരത്തിൽ ഗവേഷണം നടക്കുന്നുവെന്ന വാർത്ത ബെയ്ജിംഗ് നിഷേധിച്ചിരുന്നു . എന്നാൽ ഇതു സ്ഥിരീകരിക്കുന്ന രീതിയിൽ പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്
പുതിയ വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും രോഗങ്ങളുടെ വ്യാപനത്തിന് കാരണമായ ജീവശാസ്ത്രത്തിലെ നിർണ്ണായകമായ കാര്യങ്ങൾ കണ്ടെത്തുന്നതിനുമായി 9 വർഷം മുമ്പ് ഒരു പദ്ധതി ആരംഭിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ കൊറോണ വൈറസിന്റെ ജനിതക ശ്രേണി പ്രസിദ്ധീകരിച്ച ഗവേഷക സംഘത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് . പദ്ധതിയുടെ ആദ്യ മൂന്ന് വർഷങ്ങളിൽ മാത്രം 143 പുതിയ രോഗങ്ങളാണ് കണ്ടെത്തിയത്.
2018 ൽ അന്താരാഷ്ട്ര ജേണലുകളിൽ ഈ ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരുന്നു . അതിൽ ‘മെറ്റാജെനോമിക്സ്‘ സാങ്കേതികവിദ്യ ഉപയോഗിച്ച് 1640 ൽ അധികം പുതിയ വൈറസുകളെയും, പത്ത് പുതിയ ബാക്ടീരിയകളെയും കണ്ടെത്തിയതായി അവർ പറയുന്നു.
മൃഗങ്ങളിലെ വൈറസുകളെ കുറിച്ച് പഠിക്കുന്ന സംഘത്തിന് അഞ്ചു മേധാവികളാണുള്ളത് . വവ്വാലുകളിലെ വൈറസുകളെ കുറിച്ച് ഗവേഷണങ്ങൾ നടത്തിയ വൈറോളജിസ്റ്റ് ഷീ ഷെങ്‌ലി ഉൾപ്പെടെ അഞ്ച് ടീം മേധാവികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.
നേരത്തെ ചൈനീസ് സൈന്യവും, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള അമേരിക്കൻ ആരോപണങ്ങളെ നിഷേധിച്ച ശാസ്ത്രജ്ഞൻ കൂടിയാണ് ഷെങ്‌ലി .
മുതിർന്ന സൈനിക ഉദ്യോഗസ്ഥനും ജൈവ ഭീകരവാദത്തെക്കുറിച്ച് സർക്കാരിനു ഉപദേശം നൽകുന്നയാളുമായ കാവോ വുചുനും ഈ ഗവേഷക സംഘത്തിൽ ഉൾപ്പെടുന്നു . സൈന്യത്തിന്റെ ജൈവ സുരക്ഷാ എക്സ്പെർട്ട് കമ്മിറ്റി ഡയറക്ടർ കൂടിയാണ് വുചുൻ.കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ച വുചുൻ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഉപദേശക സമിതിയിലും അംഗമാണ്.
മൃഗങ്ങളിൽ നിന്നുള്ള വൈറസുകൾ മനുഷ്യന് എത്രത്തോളം ഹാനികരമാണെന്ന ഗവേഷണം നടത്താൻ നേതൃത്വം നൽകിയ നാഷണൽ നാച്വറൽ സയൻസ് ഫൗണ്ടേഷൻ ഓഫ് ചൈനയുടെ സൂ ജിയാൻഗുവോയും പുതിയ ഗവേഷക സംഘത്തിലുണ്ട്. വുഹാനിലെ കൊറോണ ആവിർഭാവത്തെക്കുറിച്ച് അന്വേഷിക്കുന്ന ആദ്യത്തെ വിദഗ്ദ്ധ സംഘത്തിനും ജിയാൻഗുവോയാണ് നേതൃത്വം നൽകുന്നത്.