നൂറാം ജന്മദിനം.. ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളായി മാറുന്നു; അഫ്ഗാനിസ്ഥാനില്‍ കണ്ണുവെച്ച് ചൈന

Share

വിശ്വസിക്കാന്‍ കഴിയാത്ത രാജ്യമാണ് ചൈനയെന്ന് 1960 കളില്‍ തന്നെ ഇന്ത്യ തിരിച്ചറിഞ്ഞതാണ്. പിന്നീട് നയതന്ത്ര ബന്ധങ്ങള്‍ എത്രയൊക്കെ മെച്ചപ്പെടുത്തുമ്പോഴും ഇന്ത്യ ചൈനയുമായി ഒരു അകലം പാലിച്ചിരുന്നു.

മനുഷ്യ സ്നേഹവും സര്‍വ്വ സ്വാതന്ത്ര്യവും പ്രഘോഷിക്കുന്ന കമ്മ്യുണിസത്തിന്റെ പേരു പറഞ്ഞ് സ്വന്തം ജനതയെ അടിച്ചമര്‍ത്തി വാഴുന്ന ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി, അതിന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ചൈനയുടെ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളായി മാറുകയാണ്.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ താലിബാന്‍ മാത്രമല്ല സന്തോഷിക്കുന്നത്, ചൈനയും കൂടിയാണ്. സാമ്രാജ്യങ്ങളുടെ ചുടലപ്പറമ്പ് എന്ന് വിശേഷിപ്പിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ആകര്‍ഷകമായ ഒന്നുമില്ലെങ്കിലും, ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനമാണ് ചൈനയെ ആകര്‍ഷിക്കുന്നത്.

കോവിഡാനന്തര കാലഘട്ടത്തില്‍ ലോകശക്തിയായി ഉയരുവാന്‍ കൊതിക്കുന്ന ചൈനയ്ക്ക് നിരവധി ഗുണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കിയാല്‍ ലഭിക്കുക. അതില്‍ ഏറ്റവും പ്രധാനമായത് അറബിക്കടലിലേക്ക് ചൈനീസ് സൈന്യത്തിന് നേരിട്ടുള്ള സാന്നിദ്ധ്യം എളുപ്പത്തില്‍ ലഭ്യമാക്കാം എന്നതാണ്. മാത്രമല്ല, ഇറാനിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കരമാര്‍ഗ്ഗം യാത്ര ചെയ്യുന്നത് ചൈനയ്ക്ക് എളുപ്പമാകും.

അതുപോലെ ഇന്ത്യന്‍ സമുദ്രത്തിലേക്കും ആഫ്രിക്കയിലേക്കും പുതിയ എളുപ്പ പാത തുറന്നു കിട്ടുകയും ചെയ്യും. നിലവില്‍ ഈ വിപണികളിലേക്ക് ചൈനീസ് ചരക്കുകള്‍ പ്രശ്ന പ്രദേശമായ തെക്കന്‍ ചൈന കടലിലൂടെ ചുറ്റി കൊണ്ടു പോകേണ്ട സാഹചര്യമാണുള്ളത്.