സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുഷ്പയ്ക്ക് വേണ്ടി അല്ലു അര്ജുന് വാങ്ങുന്നത് 70 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അല വൈകുണ്ഠപുരമുലൂ’ എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം പ്രതിഫലം തന്നെയാണ് പുഷ്പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പുഷ്പ. പ്രതിനായക വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയ ഫഹദ് ഫാസില്‍ ആണ് എന്നതിനാല്‍ മലയാളി സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണെന്നത് ബോധ്യപ്പെട്ടതിനാലാണ് രണ്ട് ഭാഗങ്ങളായുള്ള റിലീസിന് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്കർ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.