വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ 2026 ജൂൺ 22നു പുറപ്പെടുവിച്ച ചട്ടങ്ങളിലെ (Foreign Contribution (Regulation) Amendment Rules, 2026) വ്യവസ്ഥകൾ
അടിയന്തരമായി പിൻവലിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ-ചാരിറ്റി സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ഭേദഗതി.
ദശാബ്ദങ്ങളായി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, അശരണർക്കുള്ള ചികിത്സാ സഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ സർക്കാർ സംവിധാനങ്ങൾക്ക് വലിയ തോതിൽ പിന്തുണയേകുന്ന സേവനമാണ് സംസ്ഥാനത്തെ രജിസ്റ്റർ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകൾ നിർവ്വഹിക്കുന്നത്.
സുതാര്യത ഉറപ്പാക്കാനെന്ന പേരിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയും പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വ്യവസ്ഥകളും യഥാർത്ഥത്തിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ സ്വയംഭരണാവകാശത്തെയും ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ്.
പൊതുവായ ലക്ഷ്യങ്ങൾക്ക് വിദേശ സംഭാവന അനുവദിച്ചിരുന്നതിന് പകരം സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, സാമ്പത്തികം, മതം എന്നീ 5 വിഭാഗങ്ങളിലായി നിർദ്ദേശിച്ചിട്ടുള്ള 105 മേഖലകളിലേക്ക് സംഘടനകളുടെ പ്രവർത്തന മേഖല പരിമിതപ്പെടുത്തിയിരിക്കുന്നു.
ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് മറ്റൊരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ വീണ്ടും രജിസ്ട്രേഷൻ എടുക്കണമെന്നതും സന്നദ്ധ പ്രവർത്തനങ്ങളെ പ്രായോഗികമായി തടസപ്പെടുത്തുന്ന നിബന്ധനയാണ്.
സ്വീകരിക്കുന്ന വിദേശ ഫണ്ടിന്റെ ആദ്യഗഡു ഉപയോഗിച്ചുവെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ തുടർന്നുള്ള ഗഡുക്കൾ നൽകൂ എന്ന വ്യവസ്ഥ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ തടസമാകുന്നതാണ്.
ചട്ടലംഘനം നടത്തിയാൽ ലഭിച്ച സംഭാവനയുടെ 30% വരെ കനത്ത പിഴ ഈടാക്കുമെന്ന വ്യവസ്ഥ ചെറിയ സാങ്കേതിക പിഴവുകളുടെ പേരിൽ പോലും മാതൃകാപരമായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും സാമ്പത്തികഭദ്രത ഇല്ലാതാക്കുന്ന സമീപനമാണ്.
സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ഭാരവാഹികളുടെയും വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്‌സൈറ്റുകൾ എന്നിവ നിർബന്ധമായും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്ഥാപനവുമായോ മാനേജ്മെന്റുമായോ ബന്ധപ്പെട്ടവരോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുസ്തകം, മാസിക, വാർത്ത മാധ്യമങ്ങളിലൂടെയുള്ള പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ നടത്തിയിട്ടുണ്ടെങ്കിൽ ഉള്ളടക്കത്തിന്റെ ചുരുക്കം ഉൾപ്പടെ വിശദാംശങ്ങൾ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ ഭരണകൂട നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സമാനമായ വ്യവസ്ഥയാണിത്.
കീ ഫങ്ഷണറി എന്ന പദത്തിന്റെ പരിധി ഡയറക്ടർമാർ, ട്രസ്റ്റിമാർ, പങ്കാളികൾ എന്നിവരിലേക്ക് വിപുലീകരിക്കുന്നതിലൂടെ ഭാരവാഹികൾക്കും ഡയറക്ടർമാർക്കും പുറമെ ട്രസ്റ്റിമാർ, പാർട്ണർമാർ എന്നിവരെക്കൂടി പരിധിയിൽ കൊണ്ടുവരികയും, നിയമലംഘനങ്ങൾക്ക് ഇവരെക്കൂടി ഉത്തരവാദികളാക്കി കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. സാങ്കേതികമായ എന്തെങ്കിലും നിയമലംഘനം നടന്നാൽ പോലും ഇവർ വ്യക്തിപരമായി ശിക്ഷിക്കപ്പെടാമെന്നത് സാമൂഹിക സേവന, സന്നദ്ധ പ്രവർത്തന രംഗത്തേക്ക് കടന്നുവരാൻ താല്പര്യപ്പെടുന്ന പ്രമുഖ വ്യക്തികളെയും വിദഗ്ധരെയും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ്.
2026-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പ്രകാരം
ഒരു സംഘടനയുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുകയോ, സസ്പെൻഡ് ചെയ്യുകയോ, പുതുക്കാതിരിക്കുകയോ ചെയ്താൽ, ആ സംഘടന വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആസ്തികൾ ഏറ്റെടുക്കാൻ സർക്കാരിന് ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റിയെ നിയമിക്കാവുന്നതാണ്.
അതോറിറ്റിക്ക് ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കൾ പൂർണ്ണമായി കണ്ടുകെട്ടാനും കൈകാര്യം ചെയ്യാനും വിൽക്കാനുമുള്ള വിപുലമായ അധികാരം നൽകുന്നു. കോടതിയുടെ മുൻകൂർ അനുമതിയോ കൃത്യമായ ജുഡീഷ്യൽ പരിശോധനയോ ഇല്ലാതെ, ഒരു ഭരണപരമായ ഉത്തരവിലൂടെ സംഘടനകളുടെ വർഷങ്ങളുടെ അദ്ധ്വാന ഫലം കൈക്കലാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനവും നിയമവാഴ്ചയുടെ അടിസ്ഥാന സങ്കല്പങ്ങൾക്ക് വിരുദ്ധവുമാണ്.
വിദേശ ഫണ്ടുകൾ കൈമാറുന്നതിനും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ താഴെത്തട്ടിൽ ജനസേവനം നടത്തുന്ന ചെറുകിട കൂട്ടായ്മകളുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുന്നു.
നിയമവിരുദ്ധമായ ഫണ്ടിംഗുകൾ തടയപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, സുതാര്യമായി പ്രവർത്തിക്കുന്ന കാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം പോലും പ്രായോഗികമായി അസാധ്യമാക്കുന്ന രീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കർശനമായ ഭേദഗതികൾ വഴി കോടിക്കണക്കിന് രൂപയുടെ വിദേശ സഹായമാണ് സാധാരണക്കാരായ ജനങ്ങളിലേക്ക് എത്താതിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചികകളെപ്പോലും ദോഷകരമായി ബാധിക്കുന്നതാണ്.
‘മതപരിവർത്തന ശ്രമങ്ങൾ’ എന്ന വ്യക്തമായി നിർവചിക്കപ്പെടാത്ത പ്രയോഗം ചട്ട ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്,
തദ്ദേശീയരുടെയും ആദിവാസികളുടെയും വിശ്വാസരീതികൾ, ആചാരങ്ങൾ, ആരാധനാ സമ്പ്രദായങ്ങൾ എന്നിവയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കുവാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്നതാണ്. ഇത് പിന്നാക്ക, ട്രൈബൽ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
ആയതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 20, 25 എന്നിവയിലെ വ്യവസ്ഥകൾ ലംഘിയ്ക്കുന്നതും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായതും രാജ്യത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നതുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി.