കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് മുന്കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്.
വികസനത്തിനും ജനക്ഷേമത്തിനും തുല്യപ്രാധാന്യം നല്കി കൊണ്ട് കേരളത്തിന്റെ സമസ്തമേഖലകളുടെ വളര്‍ച്ചയ്ക്കുമുള്ള കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ച ജനപ്രിയ ബജറ്റ്കൂടിയാണിത്. യുവജനങ്ങള്‍ക്കും വയോജനങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്കുന്ന മനുഷ്യപ്പറ്റുള്ള ബജറ്റ്.
നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച് സ്വകാര്യ പങ്കാളിത്തത്തോടു കൂടിയുള്ള വികസന പദ്ധതികള്‍ | മാത്രമാണ് ഈ കാലഘട്ടത്തില്‍ കേരളത്തിന് പ്രായോഗികമായിട്ടുള്ളത്. സാമ്പത്തിക വെല്ലുവിളികളെ നേരിടുമ്പോഴും പുതിയ നികുതികള്‍ അടിച്ചേല്‍പ്പിക്കാത്ത ബജറ്റ് നികുതി ഇളവുകള്‍ കൂടി പ്രഖ്യാപിക്കുകയാണ്. ടൂറിസത്തേയും സിനിമയെയും വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ വികസന രംഗത്ത് വലിയ മാറ്റം ഉണ്ടാകും.
കാര്‍ഷിക,വ്യവസായിക,വിദ്യാഭ്യാസ, ആരോഗ്യ,സാംസ്കാരിക,കായിക,അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ബജറ്റിന്റെ മുഖമുദ്രകളാണ്. ഇന്ദിരാഗ്യാരണ്ടി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയ അതേ വേഗത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി ആരോഗ്യ പരിരക്ഷാപദ്ധതിയും നടപ്പാക്കാന്‍ പോവുകയാണ്.