കേരളത്തിന്റെ സമസ്തമേഖലകളിലെയും വിഭാഗങ്ങളെ സ്പര്‍ശിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ചതെന്ന് മന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റുമായ സണ്ണി ജോസഫ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവില്‍നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ട്.
പിണറായി സര്‍ക്കാര്‍ അവഗണിച്ച നിരവധി മേഖലകളെ സര്‍ക്കാര്‍ പരിഗണിച്ചു. പട്ടികജാതി/ വര്‍ഗ വിഭാഗക്കാരുടെ പദ്ധതി വിഹിതം വെട്ടിക്കുറിച്ചതിന് പരിഹാരം കണ്ടു. സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതും റബറിന്റെ താങ്ങുവില 250 രൂപയാക്കിയതും മലയോരമേഖലയില്‍ പട്ടയ പ്രശ്നത്തിന് പരിഹാരം കാണുന്നതും ആശ്വാസകരമാണ്. യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാഗ്യാരന്റികള്‍ സാക്ഷാത്കരിക്കപ്പെടുന്നു. മത്സ്യബന്ധനത്തിനു പോകാതെ വരുമ്പോള്‍ വേതന സഹായം നല്‍കുന്നതും സ്വാഗതാര്‍ഹം.
റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടിയാണ്. വയനാട് ട്രൈബല്‍ സര്‍വകലാശാല, രണ്ടാം ഭൂപരിഷ്കരണം, കേരള സ്കൂള്‍ ഓഫ് പ്ലാനിംഗ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍, ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്, ഗ്ലോബല്‍ ഗോള്‍ഡ് ഹബ്, ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ തുടങ്ങിയവ നൂതന ആശയങ്ങളാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ കേരളം കാത്തിരിക്കുന്ന പദ്ധതിയാണ്.
യുവജനങ്ങളെ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയും വയോജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ദീര്‍ഘവീക്ഷണമാണ്. മിഷന് സമുദ്ര പദ്ധതിയെ വിപ്ലവകരം എന്നു വിശേഷിപ്പിക്കാം. കേരളത്തെ നിക്ഷേപസൗഹൃദമാക്കാനുള്ള നടപടികള്‍, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, എംഎസ്എംഇ ഗ്രോത്ത് സ്കീം എന്നിവ വികസനരംഗത്ത് കുതിപ്പേകും. പിണറായി സര്‍ക്കാര്‍ അവഗണിച്ച കാസര്‍കോഡ്, ഇടുക്കി, വയനാട്, മഞ്ചേരി, ഹരിപ്പാട് മെഡിക്കല്‍ കോളജുകള്‍ക്കു ശാപമോക്ഷം ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ നടപടിയാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.