ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി YouTube മാറിയെന്നും ഇന്ത്യയിൽ തന്നെ യൂട്യൂബർമാർ 14,300 കോടി രൂപ വരുമാനം നേടുകയും ചെയ്‌തെന്ന് ബിസിനസ് സ്റ്റാൻഡേർഡിൻ്റെ റിപ്പോർട്ട്. മറ്റ് പ്രമുഖ കമ്പനിയായ മെറ്റാ, ജിയോസ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നിവ YouTube ന്റെ തൊട്ടുപിന്നിലുണ്ട്.
വ്യവസായ വരുമാനത്തിൽ 26% വളർച്ചയാണ് വീഡിയോ സ്ട്രീമിംഗ് രംഗത്ത് ഏറ്റവും വലിയ വിപണിയായ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പിന്നാലെ ചൈന (23%), ജപ്പാൻ (15%), ഓസ്‌ട്രേലിയ (11%), കൊറിയ (9%), ഇന്തോനേഷ്യ (5%) വളർച്ചയാണ് കൈവരിച്ചിരിക്കുന്നത് മൊത്തവീഡിയോ വ്യവസായ വരുമാന വളർച്ചയുടെ ഏകദേശം 90% ഈ പ്രധാന വിപണികളാണ് നേടിയിരിക്കുന്നത്.
ഓൺലൈൻ വീഡിയോ മാർക്കറ്റ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ വേഗത്തിൽ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന തെളിവാണ് മീഡിയ പാർട്ണേഴ്സ് ഏഷ്യ 2025 ൽ പുറത്തുവിട്ട ഈ റിപ്പോർട്ട് . സബ്സ്‌ക്രിപ്ഷൻ രീതിയിലുള്ള വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോമുകൾക്ക് കഴിഞ്ഞവർഷത്തെക്കാൾ 1.5 കോടി പുതിയ വരിക്കാരുണ്ട്. ഇതോടെ വീഡിയോ സ്ട്രീമിങ് വരിക്കാരുടെ ആകെ എണ്ണം 12.5 കോടിയിലെത്തി. അടുത്ത അഞ്ചുവർഷംകൊണ്ടിത് 28.7 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.