നമ്മുടെ ഉഷ തെറ്റുതിരുത്തില്ലേ?

Share

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ് എം പിക്കെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണവിവാദം കോടതിയിലും പുറത്തുമായി കത്തിനില്‍ക്കുന്നതിനിടെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ വിമര്‍ശനവുമായി രംഗത്തുവന്നത്. തീര്‍ത്തും അനുചിതവും അവിവേകവുമായിപ്പോയി ആ വിമര്‍ശനം. കായിക താരങ്ങള്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് അറിയാത്ത ഒരാളല്ല പി.ടി. ഉഷ. ആരോപണമുന്നയിച്ചത് കായിക താരങ്ങളും സ്ത്രീകളുമാണെന്നതുപോലും ഉഷ മറന്നു പോയി. അതുകൊണ്ടുകൂടിയാണ് വിമര്‍ശനം അനവസരത്തിലുള്ളതും അപലപനീയവുമാണെന്ന് പറയേണ്ടിവരുന്നത്.
പ്രതിഷേധം തെരുവിലേക്കെത്തിച്ച ഗുസ്തിതാരങ്ങള്‍ ഇന്ത്യയുടെ പ്രതിഛായ മോശമാക്കിയെന്നായിരുന്നു ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയുടെ വിമര്‍ശം. ഇങ്ങനെ അപമാനമേല്‍ക്കേണ്ടി വന്നിരുന്നുവെങ്കില്‍ നീതിക്കു വേണ്ടി ഉഷ കാത്തിരിക്കുമായിരുന്നോ എന്നാണ് സമരം തുടരുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്‌റെ ചോദ്യം. ഉഷയെ വിഗ്രഹമായി പ്രതിഷ്ഠിച്ചാണു ഞങ്ങള്‍ വളര്‍ന്നത്. ഇത്രയും മികച്ച കരിയര്‍ ഉള്ള അവര്‍ക്ക് എന്തുകൊണ്ടാണ് ഞങ്ങളുടെ ദുരിതം മനസ്സിലാകാത്തതെന്നും വിനേഷ് ആരാഞ്ഞു. സ്വന്തം അക്കാദമി തകര്‍ത്തപ്പോള്‍ അവര്‍ സമൂഹമാധ്യമ ങ്ങളില്‍ പ്രതികരിച്ചിരുന്നു. അപ്പോഴൊന്നും ഇന്ത്യയുടെ പ്രതിഛായ തകര്‍ന്നില്ലേയെന്നാണ് ബജ്രംഗ് പുനിയ ചോദിച്ചത്.
ശരിയല്ലേ?
ഗുസ്തിതാരങ്ങള്‍ക്കു പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, വീരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ് എംപി, ഇര്‍ഫാന്‍ പഠാന്‍ എന്നിവരുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. നടപടി വേണമെന്ന് ഒളിംപിക് ജാവലിന്‍ സ്വര്‍ണ ജേതാവ് നിര് ചോപ്ര ആവശ്യപ്പെട്ടു. ജന്തര്‍ മന്തറിലെ തെരുവില്‍ താരങ്ങള്‍ ഉറങ്ങുന്ന ചിത്രം പങ്കുവച്ച് ബോ ക്‌സിങ് താരം നിലത് സരീനും പിന്തുണ അറിയിച്ചു.
കണ്ടിരിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണിതെന്നായിരുന്നു ടെന്നി സ് താരം സാനിയ മിര്‍സ ട്വീറ്റ് ചെയ്തത്. കായിക താരങ്ങള്‍ നീതിക്കു വേണ്ടി തെരുവിലിരിക്കേണ്ടി വരുന്നതു കണ്ണുനനയ്ക്കുന്നുവെന്നു ഹോക്കി താരം റാണി രാംപാല്‍ പറ ഞ്ഞു.
എന്തിന് , ‘ ഇന്ത്യന്‍ രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി.ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെ’ന്ന് മന്ത്രി ആര്‍.ബിന്ദുവിനെക്കൊണ്ടുപോലും പറയിപ്പിച്ചു!.
ചില വിഷയങ്ങള്‍ക്ക് രാഷ്ട്രീയത്തിനും പദവികള്‍ക്കും അതീതമായ മാനങ്ങളുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ഉഷ പക്വമായ നിലപാടെടുക്കുകയും തെറ്റു തിരുത്തുകയും ചെയ്യുമെന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നു. ഉഷയുടെ മേല്‍ ഇതൊരു കളങ്കമായി നിലനില്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല.