ഇത് നിങ്ങളുടെ ഗുരുവല്ല. നിങ്ങള്‍ക്കായി ഒന്നും
പറഞ്ഞിട്ടുമില്ല!

Share

കൊച്ചി: ശ്രീനാരായണ ഗുരു ഈഴവരുടെ സ്വത്വബോധം ഇല്ലാതാക്കിയെന്ന ചിലരുടെ ആക്‌ഷേപത്തിന് മറുപടിയുമായി ഗുരുധര്‍മ്മ പ്രഭാഷകനും കോളമിസ്റ്റുമായ സുരേഷ് ബാബു മാധവന്‍. അദ്ദേഹത്തിന്‌റെ കോളത്തില്‍ നല്‍കിയ മറുപടിയില്‍ നിന്ന്:
പൈതൃകമായി സ്വത്വം നഷ്ടമായവരുടെ ജല്പനമാണ് ശ്രീനാരായണ ഗുരു അവരുടെ സ്വത്വം നഷ്ടപ്പെടുത്തി എന്നത്. തിരിച്ചറിവ് നഷ്ടമായ ഇക്കൂട്ടരെ തിരുത്താന്‍ ഒരു അവതാരത്തിനും സാധിക്കില്ല.
ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരുവേ അല്ല. പിന്നെ എങ്ങനെ ഗുരു അവരുടെ സ്വത്വം നഷ്ടപ്പെടുത്തും.
‘ഹിന്ദുക്കളില്‍ ചിലര്‍ ആവശ്യപ്പെട്ട പ്രകാരം നാം അവര്‍ക്ക് ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മറ്റ് മതസ്ഥര്‍ പറഞ്ഞാല്‍ അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കാന്‍ നമുക്ക് സന്തോഷമേയുള്ളൂ’
-ക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ചുള്ള ഗുരുവിന്റെ പ്രതികരണം ഇതാണ്.
‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. നാം ജാതി മത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറയുന്നത് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്നു മാത്രമേ അര്‍ത്ഥമുള്ളൂ’
ഇങ്ങനെ പറഞ്ഞ ഗുരു എങ്ങനെയാണ് ഈഴവന്റെ സ്വത്വബോധം ഇല്ലാതാക്കുന്നത്?. ഗുരു നിങ്ങളുടെ ഗുരുവല്ല. നിങ്ങള്‍ക്കായി ഒന്നും പറഞ്ഞിട്ടുമില്ല.
ജാതി ബോധം വെടിയാന്‍ ഗുരു ഉദ്‌ബോധിപ്പിച്ചത് ഈഴവന്റെ ഫ്‌ളാറ്റ്‌ഫോം ഉപയോഗിച്ചല്ല. അതുകൊണ്ട് ഈഴവന്റെ കുരു പൊട്ടേണ്ട ആവശ്യവുമില്ല.
സവര്‍ണ്ണ വിഭാഗം ഇന്നും ജാത്യാഭിമാനികള്‍ ആണ്. എന്നാല്‍ ഗുരുദര്‍ശനം ലോകത്ത് അലയടിച്ചു നില്ക്കുന്നതിനാല്‍ പുതു തലമുറയിലെ സവര്‍ണ്ണ യുവത ജാതി വാല്‍ ഉപേക്ഷിച്ചു തുടങ്ങി. മന്നത്ത് പത്മനാഭന്‍ അതിന് തുടക്കമിട്ടു എന്നും കരുതാം.
എന്നാല്‍ ഇന്നത്തെ സവര്‍ണ്ണ യുവാക്കളെ ജാതിവാല്‍ ഇടാന്‍ ഗുരുദര്‍ശനം മേലങ്കിയായി ധരിച്ചെത്തിയ ചില കോമാളികള്‍ പ്രേരിപ്പിക്കുന്ന വൈജാത്യം വേദനാജനകമാണ്.
28% ഈഴവരും പേരിനൊപ്പം ജാതി വാല്‍ ചേര്‍ത്താലും ഈ സമൂഹത്തിലെ സവര്‍ണ്ണ വിഭാഗത്തിന് ഒന്നുമില്ല. ജാത്യാഭിമാനികളായവര്‍ ഇതു കണ്ട് ഊറി ചിരിക്കുകയേയുള്ളൂ. ആ ചിരിയിലെ ആക്ഷേപഹാസ്യം തിരിച്ചറിയാന്‍ പൈതൃക സ്വത്വം വേണം.