കൊച്ചി: ദക്ഷിണേന്ത്യന്‍ നായിക സമാന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം എന്ന് വിലയിരുത്തലോടെ ‘ശാകുന്തളം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് സോഷ്യല്‍ മീഡിയാ നിരീക്ഷണം. ഗുണശേഖര്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ചിത്രത്തില്‍ ശകുന്തളയുടെ വേഷമാണ് സമാന്ത അവതരിപ്പിച്ചത്.
65 കോടിയില്‍ ഒരുക്കിയ ചിത്രം തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്തു.
ആഗോളതലത്തില്‍ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായില്ല.
വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ നിലവാരമില്ലാത്ത വി.എഫ്.എക്‌സ് രംഗങ്ങള്‍ മടുപ്പുളവാക്കുന്നുവെന്നാണ് വിമര്‍ശനം.
തമിഴിലും തെലുങ്കിലും മുന്‍നിര നായികയാണ് സാമന്ത. ഇവര്‍ക്ക് ബോളിവുഡില്‍ നിരവധി അവസരങ്ങളുണ്ട്. തെലുങ്കില്‍ കുശി എന്ന പാന്‍ ഇന്ത്യന്‍ സിനിമയിലും അഭിനയിക്കുന്നുണ്ട്. ശാകുന്തളത്തിന്‌റെ പ്രചാരണത്തിനായി സാമന്ത ഇന്ത്യയൊട്ടാകെ പര്യടനം നടത്തിയിരുന്നു. അത്രമേല്‍ പ്രതീക്ഷ ആ ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ വന്‍ പ്രതീക്ഷകള്‍ക്ക് പിന്നാലെ നെഗറ്റീവ് റിവ്യൂ ആണ് ചിത്രത്തിന് തുടക്കത്തിലേ ലഭിച്ചത്.
അതേസമയം കോടികള്‍ മുടക്കി, ഒട്ടേറെ മനുഷ്യരുടെ അധ്വാനത്തില്‍ തയ്യാറാക്കുന്ന ചിത്രങ്ങളെ റിവ്യൂ എന്ന പേരില്‍ കൊന്നു കൊലവിളിക്കുന്നതിനെതിരെ പ്രതിരോധമുണ്ടാകണമെന്ന നിലപാടുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിലും മടുപ്പിക്കുന്ന ചിത്രങ്ങള്‍ മുന്‍പ് വന്‍ ഹിറ്റുകളായിട്ടുണ്ടെന്നും പുതിയ കാലത്ത് സജീവമായ സോഷ്യല്‍ മീഡിയ റിവ്യൂ ആണ് ചിത്രത്തിന് പ്രതികൂലമായതെന്നും ആരാധകരും പറയുന്നു.