വഴിവിട്ട പ്രമോഷന്‍:
ബഹ്‌റക്ക് പങ്ക്

Share

തിരുവനന്തപുരം: സര്‍വീസ് രേഖകളില്‍ തിരിമറി നടത്തി 7 എസ്.ഐമാര്‍ക്ക് ഇന്‍സ്‌പെക്ടര്‍മാരായി പ്രമോഷന്‍ നല്‍കിയതിനുപിന്നില്‍ മുന്‍ ഡി.ജി.പി ലോകനാഥ് ബെഹ്രയുടെ വഴിവിട്ട ഇടപെടല്‍. തിരിമറി ബോദ്ധ്യപ്പെട്ടതോടെ ഇന്‍സ്‌പെക്ടര്‍മാരായവരെ തരംതാഴ് ത്താന്‍ ഇപ്പോഴത്തെ ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കയാണ്. 2020-21 കാലഘട്ടത്തില്‍ വകുപ്പുതല സ്ഥാനക്കയറ്റം സമിതി മുന്‍പാകെ ഹാജരാക്കിയ ഏഴ് എസ്. ഐമാരുടെ സര്‍വീസ് രേഖകളിലാണ് ക്രമക്കേടു കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട്, എല്‍.ഡി ക്ലാര്‍ക്ക് എന്നിവരാണ് ഇതിനു പിന്നിലെന്നും കണ്ടെത്തി.
മുന്‍പു പൊലീസ് ആസ്ഥാനത്തെ എസ്റ്റാബ്ലിഷ്‌മെന്റ് ഡി.ഐ.ജിയാണ് സ്ഥാനക്കയറ്റ സമിതിയില്‍ ഹാജരാക്കാനുള്ള ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. ബെഹ്ര ഡി.ജി.പിയായിരിക്കെ ഭരണകക്ഷി സംഘടനയുടെ നേതൃസ്ഥാനത്തുള്ള സീക്രട്ട് സെക്ഷനിലെ ജൂനിയര്‍ സുപ്രണ്ടിനെ ഈ ജോലി ഏല്‍പ്പിച്ചു. ഈ സമയത്താണ് എസ്. ഐമാര്‍ ഇന്‍സ്‌പെക്ടര്‍മാരായി അനധികൃത സ്ഥാനക്കയറ്റം നേടിയത്.
പി.എസ്.സി ചെയര്‍മാന്‍ അധ്യക്ഷ നായ സ്ഥാനക്കയറ്റ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഡി.ഐ.ജിയെ വിലക്കുകയും പകരം ബെഹ്രയും ഈ ജൂനിയര്‍ സൂപ്രണ്ടും പങ്കെടുത്താല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. അനര്‍ഹര്‍ സ്ഥാനക്കയറ്റം നേടിയതുസംബന്ധിച്ച് ഭരണിക്ഷിയില്‍ നിന്നുതന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതും തിരിമറി കണ്ടെത്തിയതും. ജൂനിയര്‍ സൂപ്രണ്ട് കൈകാര്യം ചെയ്തിരുന്ന മറ്റ് ഫയലുകളും പരിശോധിക്കുന്നുണ്ട്.