തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സ’22, സംഗീത നൃത്ത വാദ്യോപകരണ കലാ സമന്വയത്തിനു തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മേള ഉദ്ഘാടനം ചെയ്തു. സർക്കാർ സംഗീത – ഫൈൻ ആർട്സ് കോളേജ് വിദ്യാർഥികളുടെ സർഗാത്മക പ്രകടനങ്ങൾ അരങ്ങേറുന്ന കലാമേള ഇന്നു (13 നവംബർ) സമാപിക്കും.
കമ്പോള സംസ്കാരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് തനത് സാംസ്കാരിക കലകൾ അതിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കാനും ആസ്വദിക്കാനുമായി ഒന്നിക്കുക എന്നത് പ്രസക്തിയുള്ള കാര്യമാണെന്നും അടുത്തവർഷം കലാമേള മത്സരമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സർഗാത്മകതകൊണ്ട് ലഹരിയെ നേരിടുക എന്ന മുദ്രാവാക്യം സമൂഹത്തിൽ ഉയർത്തുവാൻ ലഹരിമുക്ത കേരളം ക്യാംപെയിനിലൂടെ കഴിഞ്ഞിട്ടുണ്ട്. കലാപരിശീലനം വ്യക്തിപരമായ അച്ചടക്കം നൽകുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്കൂൾ ഫോർ നോളഡ്ജ്, എസ്തെറ്റിക്സ് ആൻഡ് പെർഫോമൻസ് എന്ന മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. സൗന്ദര്യ ശാസ്ത്രത്തിന്റെ എല്ലാ തലങ്ങളെയും തൊടുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.