ജില്ലാതല ഉപഭോക്തൃ വാരാചരണം സമാപിച്ചു
ഉപഭോക്തൃ രംഗത്തെ ബോധവല്‍ക്കരണം വിദ്യാര്‍ഥികളില്‍ നിന്ന് ആരംഭിക്കണമെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ ക്ലാസുകളില്‍ തന്നെ ബോധവല്‍ക്കരണം നല്കുകയാണെങ്കില് കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ഇത്തരം ചിന്താഗതികളിലൂടെ കാര്യക്ഷമമായി കാര്യങ്ങള്‍ നീക്കാന്‍ കഴിയും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും നിരവധി കാര്യങ്ങള്‍ക്ക് സമര രംഗത്ത് ഇറങ്ങാറുണ്ടെങ്കിലും ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങാറില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നമുക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ പലപ്പോഴും നമ്മളാരും തയ്യാറാകുന്നില്ല. ഇത് ഈ രംഗത്ത് കള്ളനാണയങ്ങള്‍ക്ക് വളരാനുള്ള അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാതല പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. തുടര്‍ന്നു നടന്ന ബോധവല്‍ക്കരണ ക്ലാസുകളില്‍ ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന വിഷയത്തില്‍ നിറവ് വേങ്ങേരിയിലെ ബാബു പറമ്പത്ത്, ‘ഉപഭോക്തൃ സംരക്ഷണ നിയമ’ത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് അംഗം വി.ബാലകൃഷ്ണന്, അളവ്-തൂക്ക നിയമങ്ങളെ കുറിച്ച് ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര് കെ.കെ.നാസര്‍, ‘ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം’ എന്ന വിഷയത്തില്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളര് കെ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സപ്ലൈകോ കൊടുവള്ളി ഡിപ്പോ മാനേജര്‍ ബി.അഷ്റഫ്, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടികെഎ അസീസ്, കണ്‍സ്യൂമര്‍ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് സക്കരിയ്യ പള്ളിക്കണ്ടി, കണ്‍സ്യൂമര്‍ ജ്യോതി ഡ്രീംസ് പ്രസിഡന്റ് മോളി ജോര്‍ജ്, ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ.അജയന്, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതി പ്രതിനിധി വി.പി.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് വി.കുമാരി ലത നന്ദിയും പറഞ്ഞു.