തണ്ണീര്‍മുക്കം ബണ്ട്; 70 ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കും

Share

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്‍റെ 90 ഷട്ടറുകളില്‍  മധ്യഭാഗത്തുള്ള 70 എണ്ണം പൂര്‍ണമായും അടച്ചിടാനും ബാക്കിയുള്ളവ  വേലിയേറ്റവും ഇറക്കവും അനുസരിച്ച്  നിയന്ത്രിക്കാനും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബണ്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു.

വൃശ്ചിക വേലിയേറ്റം മൂലം കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍  ബണ്ട് പൂര്‍ണമായി അടച്ചിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി.

വേമ്പനാട്ടു കായലിലെ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പു മേധാവികളുടെ യോഗം അടിയന്തരമായി  ചേരുവാനും സമിതി തീരുമാനിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മഞ്ജുള, ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍. ഉഷ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി- കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.