തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Share

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2022 ജനുവരി ആകുമ്പോഴേക്കും തദ്ദേശസ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൈകാര്യം ചെയ്യാനുള്ള സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കാൻ കായിക വകുപ്പും തദ്ദേശ വകുപ്പും ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ച് അത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്താൽ അതുവഴി പുതിയ കുട്ടികളെ കണ്ടെത്താൻ കഴിയും. അവർക്ക് എങ്ങനെ പരിശീലനം നൽകാൻ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കാനും അതിന് വേണ്ടി നിരവധി പദ്ധതികൾ തയ്യാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി നമ്മുടെ കൈയിൽ നിന്നും വഴുതി പോവുന്ന കായിക മേധാവിത്തം ഇന്ത്യയിൽ തിരിച്ചു പിടിക്കാൻ കഴിയും. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രാപ്തമാക്കാൻ ദൂരക്കാഴ്ചയോടു കൂടിയുള്ള പ്രവർത്തനം നടത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എല്ലായിടത്തും കായിക മേഖല ശക്തിപ്പെടുമ്പോൾ ലോകജനസംഖ്യയിൽ രണ്ടാമതുള്ള ഇന്ത്യ വളരെ ദുർബലമായ സ്ഥാനത്താണുള്ളത്. അതു മാറ്റിയെടുക്കാൻ ആവശ്യമായ പ്രവർത്തനത്തിൽ കേരളത്തിന്റെ സംഭാവന നമുക്ക് നൽകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

പുതിയ അത്‌ലറ്റുകളെ ലോകനിലവാരത്തിലേക്ക് ഉയർത്തികൊണ്ടുവരാൻ കഴിയണം അതിന് ആത്മാർത്ഥമായ ശ്രമം ഉണ്ടാവണം. കായികമേഖലയിലെത്തുന്നവർ സാമ്പത്തികമായും, പിന്നോക്ക വിഭാഗത്തിലും പെടുന്നവരാണ്. അവർക്ക് ഫലപ്രദമായ പരിശീലവും ഭക്ഷണവും നൽകാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, നഗരസഭാ കൗൺസിലർ സി പി മുഹാസ്്, സ്‌റ്റെംസ് പ്രിൻസിപ്പൽ ഡോ പി വി രവീന്ദ്രൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ കെ പി മനോജ്, എംഇസിഎസ് വൈസ് ചെയർമാൻ സി അശോക് കുമാർ, സ്റ്റെംസ് ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ പി നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.