ജയിലുകൾ മാനസിക പരിവർത്തനത്തിനുള്ള കേന്ദ്രങ്ങളാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന പരിപാടിയായ സ്‌നേഹോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ജയിൽമോചിതരായി പോകുന്ന അന്തേവാസികളെ നന്മയുടെ പാതയിലേക്ക് നയിക്കാൻ പ്രചോദനമാവും വിധം ഓരോ മാവിൻ തൈ സമ്മാനമായി നൽകുന്ന നന്മമരം പദ്ധതി, ജയിലിലെ എല്ലാ സെല്ലുകളിലേക്കുമുള്ള ടെലിവിഷൻ സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം, രണ്ടാംഘട്ട മത്സ്യകൃഷിയുടെ ഭാഗമായുള്ള മത്സ്യകുഞ്ഞുങ്ങളുടെ നിക്ഷേപിക്കൽ, വൈദ്യുതി വകുപ്പുമായി ചേർന്നുള്ള സോളാർ-സൗരപദ്ധതിയുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവ്വഹിച്ചു.
പരിഷ്‌കൃത സമൂഹത്തിനു ചേർന്നതാവണം ജയിലുകൾ എന്നതാണ് സർക്കാറിന്റെ കാഴ്ചപ്പാട്. കാലാനുസൃതമായ മാറ്റം ജയിലുകളിൽ വരുത്തുന്നുണ്ട്. കുറ്റവാളികളെ എന്നും കുറ്റവാളികളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. കുറ്റങ്ങളെ വെറുക്കുകയും കുറ്റവാളികളെ സ്‌നേഹിച്ച് അവരെ നന്മയിലേക്ക് നയിക്കുകയും ചെയ്യുന്ന ഇടങ്ങളാണ് ജയിലുകൾ. കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ കണ്ടെത്തി അതിനെ ചികിത്സിച്ചു മാറ്റുന്നതിനുള്ള ഇടങ്ങളാണ് ജയിലുകൾ. ജയിൽ അന്തേവാസികളുടെ അധ്വാനത്തിലൂടെ ജയിലിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നതിനുള്ള ജില്ലാ ഹരിത കേരള മിഷന്റെ ആദരം സബ്ജയിൽ ഏറ്റുവാങ്ങുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഗായകൻ കണ്ണൂർ ഷരീഫ് മുഖ്യാതിഥിയായി. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ അഡ്വ പി ഇന്ദിര, സ്‌പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് ടി കെ ജനാർദനൻ, സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോൺ, റീജ്യനൽ വെൽഫയർ ഓഫീസർ കെ വി മുകേഷ്, ജില്ലാ ജയിൽ സൂപ്രണ്ട് കെ വിനോദൻ, സബ്ജയിൽ സൂപ്രണ്ട് ഐ വി ഒതേനൻ, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ ടി അരുൺ തുടങ്ങിയവർ പങ്കെടുത്തു.