കൊല്ലം :- കർഷകന് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാനുള്ള ബാധ്യത ബന്ധപ്പെട്ട കൃഷിഭവനുണ്ടെന്നും പരാതികൾ ഉണ്ടാകാതിരിക്കാനായി കൃഷി ഓഫീസർ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി.
കുണ്ടറ കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മൺറോ തുരുത്ത് സ്വദേശി എം രഘുനാഥ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൃഷിക്കാരനായ തനിക്ക് കൃഷിഓഫീസർ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നായിരുന്നു പരാതി.
കമ്മീഷൻ കൃഷി അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2018-19, 2019-20 വർഷങ്ങളിൽ കർഷകൻ വാങ്ങിയ ആനുകൂല്യങ്ങളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് കൃഷി ഉപ ഡയറക്ടർ സമർപ്പിച്ചു. തുടർന്ന് കൃഷി ഓഫീസറേയും പരാതിക്കാരനെയും കൊട്ടാരക്കരയിൽ നടത്തിയ സിറ്റിംഗിൽ കമ്മീഷൻ നേരിൽ കേട്ടു.
പരാതിക്കാരനും കൃഷിഭവനും തമ്മിലുള്ള ശീത സമരത്തിന്റെ ഉത്പന്നമാണ് പരാതിയെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇരുകൂട്ടരും തമ്മിൽ വിശ്വാസക്കുറവുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
തനിക്ക് അർഹതയുള്ള ആനുകൂല്യങ്ങൾ യഥാവിധി അപേക്ഷ സമർപ്പിച്ച് കരസ്ഥമാക്കാനുള്ള ബാധ്യത പരാതിക്കാരനുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മേലിൽ ഇത്തരം പരാതികൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറഞ്ഞു.