വിദേശമദ്യ ലേബൽ അംഗീകരിക്കലുമായി ബന്ധപ്പെട്ട നൂലാമാലകൾ സർക്കാരിന്റെ ബിസിനസ് റിഫോം ആക്ഷൻ പദ്ധതിയുടെ (ബി ആർ എ പി)ഭാഗമായി ലഘൂകരിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്(ആൽക്കഹോളിക് ബീവറേജസ്) റെഗുലേഷൻ നിയമം രണ്ടായിരത്തി പതിനെട്ടിലെ അബ്കാരി ചട്ടങ്ങൾ നിയമവകുപ്പിന്റെ നിർദ്ദേശത്തിന് അനുസൃതമായി ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലേബൽ അംഗീകാര സംവിധാനത്തിൽ വികേന്ദ്രീകൃത മാതൃക കൊണ്ടു വരും. നിലവിൽ എക്സൈസ് കമ്മീഷണറിൽ നിക്ഷിപ്തമായ അധികാരം സോണൽ ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്ക് നൽകും. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ അളവ് സംബന്ധിച്ച ലേബലിൽ രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം ‘oUP’ എന്നത് ഒഴിവാക്കും. കയറ്റുമതിക്ക് സഹായകമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലേബൽ സംവിധാനം അവലംബിക്കുമെന്നും മന്ത്രി അറിയിച്ചു.