സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടുചേർന്നു തൊഴിൽ ശാലകൾ തുടങ്ങണം: മന്ത്രി ആർ. ബിന്ദു

Share

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നു കോഴ്‌സുകളുമായി ബന്ധപ്പെട്ട തൊഴിൽ ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദു.

പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴിൽ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കംകുറിച്ചതായി മന്ത്രി പറഞ്ഞു. നാടിനു ചേർന്ന സാങ്കേതികവിദ്യ പരിശീലിപ്പിച്ച് അതിന്റെ ഗുണഫലം നാടിനാകെ ലഭിക്കുന്നരീതിയിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സജ്ജമാക്കും. ഇതിനായി വൈദഗ്ധ്യപോഷണത്തിനുള്ള പുതുതലമുറ കോഴ്‌സുകൾ തെരഞ്ഞെടുത്തു പരിശീലനം നൽകണം. പഠനത്തോടൊപ്പം തൊഴിൽ എന്നതും ഇതിന്റെ ഭാഗമായി ഒരുക്കണം. നവവൈജ്ഞാനിക സമൂഹമായുള്ള കേരളത്തിന്റെ മാറ്റത്തിന് ഇതു പ്രയോജനകരമാകും.

സാങ്കേതികവിദ്യ പെൺകുട്ടികൾക്ക് അപ്രാപ്യമാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ വനിതാ പോളിടെക്‌നിക്കുകൾക്കു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത രംഗങ്ങളിൽ പഠനത്തിനും പരിശീലനത്തിനും വനിതാ പോളി ടെക്‌നിക്കുകളിൽ അവസരമുണ്ട്. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ വലിയ മാറ്റത്തിനു വഴിവയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലും കൊണ്ടുവരികയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പോളിടെക്‌നിക് കോളജ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ ജി.എസ്. ആശാനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ-ചാർജ് ഡോ. ടി.പി. ബുജുഭായ്, ജോയിന്റ് ഡയറക്ടർ പി. ബീന, പി.ടി.എ. വൈസ് പ്രസിഡന്റ് എസ്. ചിത്ര, പ്രിൻസിപ്പാൾ കെ.ജി. സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.