കേരളത്തിൻ്റെ കോവിഡ് പ്രതിരോധം: സംതൃപ്തി പ്രകടിപ്പിച്ച് പ്രശസ്ത ആരോഗ്യ വിദഗ്ധർ

Share

കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണലൈൻ യോഗത്തിലാണ് വിദേശത്ത് നിന്നുൾപ്പെടെയുള്ള വിദഗ്ധർ കേരളത്തെ അഭിനന്ദിച്ചത്. 

ഡോ. ഭരത് പങ്കാനിയ (സീനിയർ ക്ലിനിക്കൽ ലെക്ച്ചറർ , യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്റർ മെഡിക്കൽ സ്കൂൾ , യു കെ),  ഡോ . ഡേവിഡ് പീറ്റേഴ്സ് (എഡ്‌ഗർ ബർമൻ ചെയർ  ഇൻ ഇന്റർനാഷണൽ ഹെൽത്ത് , ജോൺസ് ഹോപ്കിൻസ്  യൂണിവേഴ്സിറ്റി , യു എസ് എ), ഡോ. ദേവി ശ്രീധർ (ചെയർ  ഓഫ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് അറ്റ് ദ യൂനിവേഴ്സ്സിറ്റി ഓഫ് എഡിൻബർഗ്), ഡോ. അജയ് മഹൽ (പ്രൊഫസർ ഓഫ് ഹെൽത്ത് എകോണമിക്സ് ആൻ്റ് ഗ്ളോബൽ ഹെൽത്ത് സിസ്റ്റംസ് റിസർച്ച്, യൂനിവേഴ്സിറ്റി ഓഫ് മെൽബൺ), ഡോ .സാങ്‌സുപ്  റ (ചെയർ ഓഫ് ദി എഡ്യൂക്കേഷൻ സെക്ടർ ഗ്രൂപ്പ് – എഡിബി),  ഡോ .ഡേവിഡ് വിൽസൺ (വേൾഡ് ബാങ്ക് , ടീം ലീഡർ  ഫോർ കോവിഡ് -19), ഡോ. ആർ. ആർ. ഗംഗാഖേദ്കർ (ഹെഡ് എപ്പിഡമോളജി – ഐ സി എം ആർ – റിട്ടയേർഡ്), ഡോ. അനുരാഗ് അഗർവാൾ, (ഡയറക്ടർ – ഐ ജി ഐ ബി, സി എസ് ഐ ആർ ,ന്യൂഡൽഹി), ഡോ.ജേക്കബ് ജോൺ, (റിട്ട. പ്രൊഫസർ ഓഫ് ക്ലിനിക്കൽ വൈറോളജി – സി എം സി വെല്ലൂർ), ഡോ. സഞ്ജയ് പൂജാരി, (ഡയറക്ടർ ആൻഡ് ചീഫ് കൺസൽട്ടൻറ് – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് , പൂനെ), ഡോ. ഗിരിധർ ബാബു, ഡോ. ഷാഹിദ് ജമീൽ, ഡോ. സ്വരൂപ് സർക്കാർ, മുരളി തുമ്മാരുകുടി, ഡോ. ചാന്ദ്‌നി, ഡോ. അനൂപ് വാര്യർ, ഡോ. അശ്വതി എസ്, ഡോ. ബിജു സോമൻ, ഡോ. രാജലക്ഷ്‌മി, ഡോ. ഫാസിൽ അബൂബക്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. ബി ഇക്ബാൽ ചർച്ച നിയന്ത്രിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി,ജോയ്, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവരും യോഗത്തിൽ സംസാരിച്ചു. 

കോവിഡ് മഹാമാരിയുടെ ആദ്യ നാൾ മുതൽ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണെന്ന് ചർച്ചയിൽ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐ.സി.എം.ആർ നടത്തിയ സെറോ പ്രിവലൻസ് സർവേ ഫലത്തിൽ ഏറ്റവും കുറച്ചു പേർക്ക് രോഗം പകർന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയത് പലരും ചൂണ്ടിക്കാട്ടി. അതോടോപ്പം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിർത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിച്ചു.  

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്നുംവാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിൻ്റെ സൂചനയാണ്. അതിനാൽ കേരളത്തിൻ്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്  ഗൗരവതരമായ ചർച്ചയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളും യോഗം ചർച്ച ചെയ്തു. ഇന്ത്യയിൽ ഏറ്റവും നന്നായി കോവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ക്രിയാത്‌മക നിർദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചർച്ച സംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഊന്നൽ നൽകി ഈ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.