തിരുവനന്തപുരം: കുണ്ടറ പീഡന പരാതി വിവാദത്തിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദ്ദേശമെന്നും പി സി ചാക്കോ അറിയിച്ചു.ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാർ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എൻ സി പി നിലപാട് സി പി എം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.
പീഡനപരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനോട് മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ടിട്ടില്ല. പാർട്ടിയിലെ തർക്കം തീർക്കാനാണ് ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻറെയും നിലവിലെ പിന്തുണ. ഇപ്പോൾ രാജിവേണ്ടെന്നാണ് നിലപാടെങ്കിലും വിവാദത്തിലെ തുടർനീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം.
ഇന്നലെ ഫോണിൽ സംസാരിച്ചതിന് പിന്നാലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് വീണ്ടും വിശദീകരണം നൽകി. അധികാരം ഉപയോഗിച്ച് പീഡനപരാതി ഒതുക്കാൻ ശ്രമിച്ചില്ലെന്നും പാർട്ടിയിലെ ആഭ്യന്തരപ്രശ്നം എന്ന നിലക്കാണ് ഇടപെട്ടതെന്നുമാണ് ശശീന്ദ്രൻറെ വിശദീകരണം. കൊല്ലത്തെ പാർട്ടിക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ഇതെന്നുമുള്ള ശശീന്ദ്രന്റെ വിശദീകരണം ഇപ്പോൾ മുഖവിലക്കെടുത്താണ് മുഖ്യമന്ത്രിയുടെ പിന്തുണ. സിപിഎം അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗവും മന്ത്രിയും എൻസിപിയും നൽകുന്ന വിശദീകരണമാണിപ്പോൾ കണക്കിലെടുക്കുന്നത്. പരാതി മന്ത്രി ഒതുക്കിയെന്ന ആക്ഷേപം നിലനിൽക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപോദേശം. അതേ സമയം പരാതിക്കാരി മന്ത്രിക്കെതിരായ നിലപാട് ആവർത്തിക്കുന്നതും കോടതിയെ സമീപിച്ചാലുണ്ടാകുന്ന ഗൗരവസ്ഥിതിയും സിപിഎം കണക്കിലെടുക്കുന്നുണ്ട്.