ഭിന്നശേഷിക്കുട്ടികള്‍ക്ക് സ്‌നേഹാദരവുമായി മന്ത്രി

Share

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള സെന്ററുകളില്‍ ഏറ്റവും തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തനം നടക്കുന്ന കേന്ദ്രമാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ലോക് ഡൗണില്‍ അകപ്പെട്ട് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഭിന്നശേഷിക്കുട്ടികളെ നേരിട്ടുകാണുവാനും പ്രചോദകവാക്കുകള്‍ കൊണ്ട് കരുത്തുപകരുവാനുമായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ – എ ഡേ വിത്ത് സ്പെഷ്യല്‍ ടാലന്റ്സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ഭിന്നശേഷി സെന്ററുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉലയുന്ന മനസ്സുമായി ആയിരിക്കും പുറത്തിറങ്ങുക. എന്നാല്‍ ആദ്യമായാണ് ആരോഗ്യകരമായ, ആവേശകരമായ ഒരു ഊര്‍ജ്ജം ഈ ഭിന്നശേഷി കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ചത്. ഭിന്നശേഷിക്കുട്ടികളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനും അതിലൂടെ അവരെ ലോകമറിയുന്ന നിലയിലയേക്ക് വളര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. ഫാന്റസികളില്‍ അഭിരമിക്കാതെ യാഥാര്‍ത്ഥ്യത്തെ തൊട്ടറിയുവാനുള്ള മുതുകാടിന്റെ മനോഭാവമാണ് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഓരോ കോണുകളിലും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സദുദ്ദേശ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മുതുകാട് നടത്തിയ നാല് ഭാരത യാത്രകളില്‍ അനുഭവിച്ചറിഞ്ഞ അപൂര്‍വ നിമിഷങ്ങളും പ്രതിസന്ധികളും ഇതിവൃത്തമാക്കി പുറത്തിറക്കുന്ന പുസ്തകത്തിന് മന്ത്രി നാമകരണം ചെയ്തു. ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലുമായി പുറത്തിറങ്ങുന്ന ഈ പുസ്തകത്തിന് ഇന്ത്യ എന്റെ പ്രണയ വിസമയം, ഇന്ത്യ മൈ സ്‌പെല്‍ ബൗണ്ട് ലൗ എന്ന പേരുകള്‍ മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. ഭാഷയും സംസ്‌കാരവും വേഷവിധാനവും ഭക്ഷണവുമെല്ലാം വ്യത്യസ്തമായ ഇന്ത്യ എന്ന ബൃഹത് ആശയത്തെ പുസ്തകത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ മുതുകാടിന് കഴിയുമെന്നും പേരിടല്‍ ചടങ്ങില്‍ മന്ത്രി പറഞ്ഞു.
ഡി.സി ബുക്സ് മാനേജിംഗ് ഡയറക്ടര്‍ ഡി.സി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പതിമൂന്നാമത് ചില്‍ഡ്രന്‍സ് ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി റിനി ആര്‍.പിള്ള നിര്‍വഹിച്ചു. കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരിയും ഡി.എ.സി അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ഷൈലാതോമസ് സ്വാഗതവും മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നന്ദിയും പറഞ്ഞു.
ബക്രീദ് ദിനത്തില്‍ രാവിലെ തന്നെ മാജിക് പ്ലാനറ്റിലെത്തിയ മന്ത്രി ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി മാജിക് അ്ക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയും ഡിഎസി സന്ദര്‍ശിച്ച് കുട്ടികളോടൊപ്പം സംവദിക്കുകയും ചെയ്തു.