കർക്കിടക മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Share

കർക്കിടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (ജൂലൈ 16 ന് ) വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറക്കും. പിന്നേട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്നി പകരും.

17 ന് പുലർച്ചെ മുതൽ മാത്രമെ മലകയറി ഭക്തർ ദർശനത്തിനായി എത്തിച്ചേരുകയുള്ളൂ.ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം നൽകിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് ഇക്കുറി ശബരിമല അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ.

വെർച്വൽ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാൻ അനുമതി ലഭിച്ചവർ ഒന്നുകിൽ
48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം .

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം,, പടിപൂജ എന്നിവ കർക്കിടക മാസ പൂജകൾക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.