രാജ്യത്ത് ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 130 കോടി ജനങ്ങളിൽ വെറും 3 ശതമാനം പേർക്ക് മാത്രമേ രണ്ട് ഘട്ടം വാക്‌സിനും നൽകിയിട്ടുളളുവെന്ന രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി
ലോകത്ത് ജനങ്ങൾക്ക് വാക്‌സിനേഷൻ അതിവേഗം നടപ്പാക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണെന്നും ജാവദേക്കർ പറഞ്ഞു.
108 കോടി ജനങ്ങൾക്കും ഡിസംബർ മാസത്തോടെ ഇന്ത്യ വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 18 നും 44നുമിടയിൽ പ്രായമുളളവർക്ക് വാക്‌സിൻ നൽകുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയെ പരിഹസിച്ചു. ബിജെപി ഇതര സംസ്ഥാന ഗവണ്മെന്റുകൾ 18നും 44നുമിടയിലുളളവർക്ക് വാക്‌സിൻ നൽകുന്നതിൽ അലംഭാവമുണ്ടെന്നും മന്ത്രി വിമർശിച്ചു.
രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനെ കുറിച്ച് രാഹുൽഗാന്ധിയും കോൺഗ്രസ് പാർട്ടിയും സംശയം പ്രകടിപ്പിച്ചെന്ന് ജാവദേക്കർ ആരോപിച്ചു. മാർച്ച് മാസത്തിൽ പുറത്ത് വന്ന ഫലമനുസരിച്ച് കൊവാക്‌സിന് 81 ശതമാനം ഫലപ്രാപ്‌തിയുണ്ട്.
കേന്ദ്രം പ്രതിപക്ഷത്തെ ശത്രുക്കളായാണ് കാണുന്നതെന്നും രാജ്യത്ത് വാക്‌സിനേഷൻ വളരെ പതുക്കെയാണെന്നും മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരിന്നു. ഇങ്ങനെപോയാൽ രാജ്യത്ത് മൂന്നും നാലും കൊവിഡ് തരംഗമുണ്ടാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയാണ് പ്രകാശ് ജാവദേക്കർ പറഞ്ഞത്.