ഓക്സിജൻ സംഭരണത്തിലെ ദീർഘവീക്ഷണവും കരുതലും; മെഡിക്കൽ കോളേജ് കോവിഡ് വാർഡുകൾക്ക് ആശ്വാസം

Share

തിരുവനന്തപുരം:  ഓക്സിജൻ സംഭരണ ശേഷി വർധിപ്പിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ സ്വീകരിച്ച  കരുതലും ദീർഘവീക്ഷണവും രണ്ടാം ഘട്ട കോവിഡ് വ്യാപന കാലത്ത് ഡോക്ടർമാർക്കും രോഗികൾക്കും ഒരുപോലെ ആശ്വാസമേകുന്നു.

ആദ്യഘട്ട കോവിഡ് വ്യാപനത്തിനു മുമ്പേ തന്നെ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പൊതുവേ വർഷം തോറും രോഗികൾ കൂടുതലായി  മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ഓക്സിജൻ സംഭരണവും ഇരട്ടിയാക്കിയത്.

അയൽ സംസ്ഥാനങ്ങളിലടക്കം കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം ഭീദിതമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോഴാണ് കേരളത്തിലെ ഓക്സിജൻ ഉല്പാദനത്തിൻ്റെയും സംഭരണത്തിൻ്റെയും  വർധനയുടെ പ്രസക്തിയേറുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാര്‍ഡുകളിലെ ദ്രവീകൃത ഓക്സിജന്‍ വിതരണം സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഓക്സിജന്‍ ടാങ്ക് സ്ഥാപിച്ചത്.  20 കിലോലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ടാങ്കാണ് സ്ഥാപിച്ചത്.

നിലവില്‍ രണ്ടു ടാങ്കുകളിലായി 20 കിലോലിറ്റര്‍ ഓക്സിജന്‍ ശേഖരിക്കുന്നുണ്ട്. ഇതിനുപുറമേ പുതിയ ടാങ്ക് കൂടി സ്ഥാപിച്ചതോടെ 40 കിലോലിറ്റര്‍ ദ്രവീകൃത ഓക്സിജന്‍ ശേഖരിക്കാനാവും. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഓക്സിജന്‍റെ ഉപഭോഗവും വര്‍ധിച്ചു.

ഇതോടൊപ്പം വാര്‍ഡുകളിലേയ്ക്ക് ഓക്സിജന്‍ എത്തിക്കുന്നതിനുള്ള പുതിയ പൈപ്പ് ലെയിന്‍ സ്ഥാപിക്കലും പൂർത്തിയാക്കി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ പ്രതിദിനം ആറ് കിലോ ലിറ്റർ ഓക്സിജനാണ് വേണ്ടി വരുന്നത്. 

ആകെ 450 വാര്‍ഡ് കിടക്കകളില്‍ പൈപ്പിലൂടെ ഓക്സിജന്‍ എത്തിക്കാനാവും.  നിലവില്‍ 260ല്‍ അധികം ഐസിയു കിടക്കകളില്‍ ഓക്സിജന്‍ പൈപ്പിലൂടെ നല്‍കുന്നുണ്ട്.

ഇതു കൂടാതെ അന്തരീക്ഷത്തിലെ ഓക്സിജൻ ശേഖരിച്ച് ഉപയോഗപ്പെടുത്താവുന്ന ഓക്സിജൻ ജനറേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 1000 ലിറ്റർ വീതം ഓക്സിജൻ  ഉല്പാദനക്ഷമതയുള്ള രണ്ട് ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്.