ഗവർണർക്ക് 85 ലക്ഷത്തിൻറെ ബെൻസ് വേണം 

Share

തിരുവനന്തപുരം: പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 85 ലക്ഷം രൂപയാണ് വില. ഏതാനും മാസം മുമ്പാണ് ഗവർണർ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകിയത്. നിലവിൽ ഉപയോഗിക്കുന്ന ബെൻസ് കാർ 10 വർഷം കഴിഞ്ഞതായി ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് പുതിയ ബെൻസ് വാങ്ങണമെന്ന ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. അന്തിമ അനുമതിക്കായി ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അംഗീകരിച്ച് ഒപ്പിട്ടാൽ 85 ലക്ഷത്തിന്‍റെ പുതിയ ബെൻസ് ഗവർണറെ തേടിയെത്തും.

മെട്രോവാർത്തയിൽ എം ബി സന്തോഷാണ് ഇത് റിപ്പോർട്ട് ചെയ്തത്.

മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫിന്‍റെ നിയമനത്തിനെതിരെ രംഗത്തുവന്ന ഗവർണർ അവർക്ക് രണ്ടുവർഷം കഴിഞ്ഞാലുടൻ പെൻഷൻ എന്ന വ്യവസ്ഥയ്ക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിക്കുന്നത് തുടരുകയാണ്. ഈ തീരുമാനം പിൻവലിക്കാതെ തന്‍റെ ഭരണഘടനാ ഉത്തരവാദിത്വമായ നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്നുപോലും മുഖ്യമന്ത്രി പിണറായി വിജയനെയും ചീഫ് സെക്രട്ടറി വി.പി. ജോയിയെയും രാജ്ഭവനിൽ വിളിച്ചുവരുത്തി അറിയിച്ചതു സംബന്ധിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

അതേസമയം, ഗവർണറുടെ രാജ്ഭവനിലെ 158 നിയമനങ്ങളിലേറെയും പിഎസ്സിയോ, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖേനയോ അല്ല നടത്തിയത്. രാജ്ഭവനിൽ കാലാകാലങ്ങളിൽ വരുന്ന ഗവർണർമാരെ സ്വാധീനിച്ച് നിയമനം നേടിയവരാണ് കൂടുതലും. വളരെക്കുറച്ചുപേരാണ് ഡെപ്യുട്ടേഷനിലുള്ളത്. ഇവിടെ നിയമിതരായവരുടെ ബന്ധുക്കളായവരാണ് നിലവിലുള്ളവരിൽ വലിയൊരു ശതമാനം. ആശ്രിത നിയമനം എന്ന വകുപ്പ് ദുരുപയോഗം നടത്തിയിട്ടുമുണ്ട്.