സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായി ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. അതത് ജില്ലകളിലെ മന്ത്രിമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും.
സ്ത്രീകളിലെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കുന്നതിനും ഉദ്ദേശിച്ച് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഗളിർ ജ്യോതി. തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണൻചേരി, ഇടുക്കി പള്ളിവാസൽ, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ ആറ് സിദ്ധ ക്ലിനിക്കുകൾ വഴിയാണ് പദ്ധതി നടത്തുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്.
പത്തനംതിട്ട സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ വന്ധ്യതയ്ക്കുള്ള ആയുർവേദ ചികിത്സാപദ്ധതിയായ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആരംഭിക്കുകയാണ്. വന്ധ്യതയ്ക്ക് ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണെന്ന് അനുഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. 8.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കേരള അക്രഡിറ്റേഷൻ സ്റ്റാന്റേർഡ് നിലവാരത്തിലേക്ക് ഉയർത്തിയ ആയുഷ് മേഖലയിലെ ആറ് സ്ഥാപനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറികളായ കാസർഗോഡ് ചിറ്റാരിക്കൽ, കൊല്ലം കല്ലുവാതുക്കൽ, തിരുവനന്തപുരം വിളവൂർക്കൽ, ആയുർവേദ ഡിസ്പെൻസറികളായ കണ്ണൂർ ചെമ്പിലോട്, വയനാട് മീനങ്ങാടി, കോഴിക്കോട് കുര്യവാട്ടൂർ എന്നിവയാണ് ആദ്യഘട്ട കാഷ് അക്രഡിറ്റേഷൻ നേടിയത്.
ഇന്ത്യയിൽ ആദ്യമായി ഇ സഞ്ജീവനി ടെലികൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിലൂടെ ആയുഷ് സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുന്നതാണ് മറ്റോരു പദ്ധതി. കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് ഈ സേവനത്തിനായി കൺസോളുകൾ സജ്ജീകരിച്ചിട്ടുള്ളത്.
ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ 35 ലക്ഷം ചെലവഴിച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ നിർമ്മാണോദ്ഘാടനവും നടക്കും.
സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ 9.75 ലക്ഷം രൂപ വിനിയോഗിച്ച് ഗുണമേൻമയുള്ള ഔഷധ സസ്യങ്ങളുടെ ഉത്പാദനവും വിതരണവും നടത്തും. കാർഷിക സർവ്വകലാശാല, തൃശൂർ, ഔഷധി, തൃശൂർ, ആയുർവ്വേദ ഗവേഷണ കേന്ദ്രം, പൂജപ്പുര എന്നീ സ്ഥാപനങ്ങൾ മുഖേന ഒരു ലക്ഷത്തോളും തൈകൾ ഈ സാമ്പത്തിക വർഷം കർഷകർക്കും പൊതുജനങ്ങൾക്കും നൽകുന്ന പദ്ധതിയാണിത്.
കർഷകർക്കും പൊതുജനങ്ങൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കും ഗുണമേയുള്ള ഔഷധ സസ്യങ്ങൾ സൗജന്യമായോ/ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാനാണ് പദ്ധതി.
ഔഷധ സസ്യ പ്രദർശ ഉദ്യാനം, ഔഷധ സസ്യങ്ങൾക്കായി രണ്ട് വിത്ത് കേന്ദ്രങ്ങൾ, ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധ സസ്യ നഴ്‌സറി, ഇൻസ്റ്റിറ്റിയൂഷണൽ ഹെർബൽ ഗാർഡൻ, കരുനാഗപ്പള്ളി ആയുർവേദ ആശുപത്രിയിൽ പുതിയ ബ്ലോക്ക് എന്നിവയും ഉദ്ഘാടനം ചെയ്യും.