തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ഗവർണർ അംഗീകരിച്ചു. ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ജലീലിന്റെ പടിയിറക്കം. പാര്‍ട്ടിതലത്തിലെ ആലോചനയ്ക്ക് ഒടുവില്‍ മുഖ്യമന്ത്രി തന്നെയാണ് ജലീല്‍ രാജിവക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനെന്നും ലവലേശം തെറ്റ് ചെയ്തിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എകെജി സെന്ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്.
രാജിവക്കണം എന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി ജലീലിനോട് കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയില്‍ ഹൈക്കോടതിയിലെ ഹർജിയുടെ കാര്യം ജലീൽ സൂചിപ്പിരുന്നു. പക്ഷെ രാജി അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി വ്യക്തമാക്കി.
ഇതോടെ ഹൈക്കോടതി തീരുമാനം കാക്കാതെ രാജി കത്ത് നല്‍കുകയായിരുന്നു. ജലീൽ രാജിവച്ചത് നല്ല തീരുമാനമെന്ന് പി ജയരാജന് പ്രതികരിച്ചു.
അതേസമയം, ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജി പ്രാഥമിക വാദം പൂർത്തിയായി. ലോകായുക്തയുടെ നടപടിക്രമങ്ങൾ ചട്ടവിരുദ്ധമെന്ന് അറിയിച്ച് സർക്കാരും ജലീലിനെ കോടതിയില്‍ പിന്തുണച്ചു.