മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ സമ്പൂർണ്ണ യോഗം 2022-23 വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. മാനവശേഷി വികസനം, വിജ്ഞാനം, സുസ്ഥിര വളർച്ച എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴിൽ, പശ്ചാത്തലസൗകര്യ വികസനം, വരുമാനം ഉറപ്പുനൽകുന്ന സേവനങ്ങൾ, നൈപുണ്യ വികസനം, ശാസ്ത്ര-സാങ്കേതികവിദ്യ, ഉന്നതവിദ്യാഭ്യാസം എന്നിവയുടെ ഊർജ്ജിത പുരോഗതി ഉറപ്പുവരുത്തി അതിലൂടെ വരുമാനം വർധിപ്പിച്ച് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനം ആസൂത്രണത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും കാര്യത്തിൽ അനേകം വെല്ലുവിളികൾ നേരിടുന്നതായും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ നിലവിലുള്ള പരിമിതികൾക്കുള്ളിലും വിഭവസമാഹരണത്തിൽ സംസ്ഥാനങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിലും ആധുനികവും സമ്പദ് സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഉന്നംവെച്ചുള്ളതാണ് 2022-23 വാർഷിക പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, പാർപ്പിടം എന്നീ മേഖലകളിലെ ചെലവഴിക്കലുകൾ വർധിപ്പിക്കുക, സാമൂഹ്യക്ഷേമം, ലിംഗനീതി എന്നിവയിലെ നേട്ടങ്ങൾ കൂടുതൽ ബലപ്പെടുത്തുക, ഉൽപാദന ശക്തികളുടെ അതിവേഗ വളർച്ചകയ്ക്കായി മാനവ വിഭവശേഷി ഉപയോഗപ്പെടുത്തുക, കൃഷി, വ്യവസായം, പശ്ചാത്തലസൗകര്യങ്ങൾ, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, വരുമാനം ഉറപ്പാക്കുന്ന സേവനങ്ങൾ എന്നിവയിൽ ശാസ്ത്ര-സാങ്കേതികവിദ്യയും ആധുനിക നൈപുണ്യങ്ങളും പ്രയോഗിക്കുക, തൊഴിൽദായകവും ഉൽപാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കുക, ഉന്നതവിദ്യാഭ്യാസം ആധുനികവൽക്കരിക്കുക, അതിദാരിദ്ര്യം ഇല്ലാതാക്കുക, ശാസ്ത്രീയമായി മാലിന്യ നിർമ്മാർജ്ജനം ചെയ്യുക, പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തി പുരോഗതിയുടെ ചാലക ശക്തികളാക്കുക, എല്ലാവരെയും ഉൾപ്പെടുത്തുന്ന വികസന പ്രക്രിയ നടപ്പിലാക്കുക എന്നിവയ്‌ക്കെല്ലാം ഊന്നൽ കൊടുക്കുന്നതാണ് 2022-23 വാർഷിക പദ്ധതി.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, ഡോ വി. കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഫിനാൻസ് സെക്രട്ടറി, ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ ജമീല ബാലൻ, ഡോ രവി രാമൻ, സന്തോഷ് ജോർജ്ജ് കുളങ്ങര, ഡോ ജിജു പി അലക്‌സ്, മിനി സുകുമാർ, ഡോ രാം കുമാർ, വി നമശിവായം എന്നിവർ പങ്കെടുത്തു.
വിവിധ വകുപ്പുകൾ നടപ്പിലാക്കിവരുന്ന സ്‌കീമുകളിലെ ആവർത്തനവും ഇരട്ടിപ്പും ഒഴിവാക്കി ക്രമപ്പെടുത്തുന്നതിനുള്ള ശ്രമം ആസൂത്രണ ബോർഡ് ആരംഭിക്കും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അംഗീകാരത്തെത്തുടർന്ന് വാർഷിക പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.