സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതിയില്‍പ്പെടുത്തി 197 സ്കൂളുകളില്‍ കൂടി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി ഉടന്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 1000 സ്കൂളുകളിലാണ് പദ്ധതി ഉണ്ടാവുക. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 12 ാം വാര്‍ഷികാഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളാപോലീസ് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്ത അഭിമാന പദ്ധതിയാണ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതി ഏറ്റെടുത്തു. പല വിദേശ രാജ്യങ്ങളും അവരുടെ ജീവിത സാഹചര്യം അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായത് വലിയ അംഗീകാരം തന്നെയാണ്. പഠനത്തോടൊപ്പം ജീവിതവും കരുപ്പിടിപ്പിക്കാന്‍ ഉതകുന്ന പ്രസ്ഥാനമായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റേത് ചിട്ടയായതും മാതൃകാപരവുമായ പ്രവര്‍ത്തനമാണ്. മഹാമാരിയും വെളളപ്പൊക്കവും നാട് ഉലച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എസ്.പി.സി കേഡറ്റുകള്‍ ഓടിയെത്തി. ലഹരി മരുന്നിന്‍റെ ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കെതിരെ നിതാന്ത ജാഗ്രതയാണ് എസ്.പി.സി പുലര്‍ത്തുന്നത്.
ശാരീരികവും മാനസികവുമായി ആരോഗ്യമുളള ജനതയെ സൃഷ്ടിക്കുന്നതിന് എസ്.പി.സിയോളം നല്ലൊരു പദ്ധതി നിലവിലില്ല. എസ്.പി.സിയുടെ ഗുണഫലം കഴിയുന്നത്ര കുട്ടികളിലേക്ക് എത്തിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കോവിഡ്ബാധ ആരംഭിച്ച കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പൊതുജനസേവനരംഗത്ത് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ നല്‍കിയ സംഭാവന പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് സന്നദ്ധസംഘടനകളുടേയും സ്വകാര്യവ്യക്തികളുടെയും സഹായത്തോടെ ഒമ്പത് ലക്ഷം ഭക്ഷണപ്പൊതികളാണ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ വിതരണം ചെയ്തത്. 60,000 ഭക്ഷണകിറ്റും ഇക്കാലയളവില്‍ വിതരണം ചെയ്തു.
ലോക്ഡൗണ്‍ കാലത്ത് അഞ്ച് ലക്ഷം വീടുകളില്‍ അടുക്കളത്തോട്ടം ഒരുക്കുന്നതില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. റ്റി.വി ചലഞ്ച് എന്ന പദ്ധതി പ്രകാരം 5000 ല്‍പരം ടെലിവിഷനുകളും 500 ലേറെ മൊബൈല്‍ ഫോണുകളും 200 ഓളം ടാബ്ലെറ്റുകളും ശേഖരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കാന്‍ എസ്.പി.സി കേഡറ്റുകള്‍ക്ക് കഴിഞ്ഞു.
അത്യാവശ്യസന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമുളളവര്‍ക്ക് അത് എത്തിക്കുന്നതിന് ആരംഭിച്ച ജീവധാര പദ്ധതി, പത്ത് ലക്ഷം ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച ഹരിതഭൂമി പദ്ധതി, വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് കുടിവെളളം ലഭ്യമാക്കാനായി ആരംഭിച്ച തണ്ണീര്‍ക്കുടം പദ്ധതി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. എസ്.പി.സി പയനിയര്‍ വിഭാഗത്തിന്‍റെ കോവിഡ് കാല പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ചടങ്ങില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത എല്ലാവരും സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേഡറ്റുകള്‍ വിളയിച്ച പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ മുഖ്യമന്ത്രിയുടെ പത്നി കമലാ വിജയന് കൈമാറി. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയര്‍ത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എല്ലാ ജില്ലാ പോലീസ് ആസ്ഥാനത്തും എസ്.പി.സി സംവിധാനം പ്രവര്‍ത്തനക്ഷമമായ സ്കൂളുകളിലും ഇതേസമയം തന്നെ പതാക ഉയര്‍ത്തലും ഗാര്‍ഡ് ഓഫ് ഓണറും സംഘടിപ്പിച്ചിരുന്നു.
വിവിധ വകുപ്പ് മേധാവികള്‍ വിവിധ വിഷയങ്ങളെ അധികരിച്ച് എസ്.പി.സി ദിന സന്ദേശം നല്‍കി. ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനത്തില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും അനാരോഗ്യകരമായ ആസക്തികള്‍ക്കെതിരെ എസ്.പി.സി എന്ന വിഷയത്തില്‍ എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണനും സന്ദേശം നല്‍കി. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ മാറ്റങ്ങളുടെ നേതാവ് എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കൊറോണ പ്രതിരോധവും എസ്.പി.സിയും എന്ന വിഷയത്തില്‍ എ.ഡി.ജി.പി വിജയ് സാഖറെയും സന്ദേശം നല്‍കി.
ഫോട്ടോക്യാപ്ഷന്‍ : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 12 ാം വാര്‍ഷിക ആഘോഷ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.