150 കോടി നിക്ഷേപവുമായി അവിഗ്ന കേരളത്തിലേക്ക്; അങ്കമാലി ലോജിസ്റ്റിക്സ് പാർക്ക് നവംബർ 3ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

Share

കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന ഗ്രൂപ്പ് 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക് കടന്നു വരുന്നു. അങ്കമാലി പുളിയനത്ത് നിർമ്മിച്ചിട്ടുള്ള സംസ്ഥാനത്തിലെ ആദ്യ ലോജിസ്റ്റിക്സ് പാർക്ക് നവംബർ 3-ന് വൈകുന്നേരം 4.30ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

21.35 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ളതാണ്. ആധുനിക വെയർഹൗസിംഗ്, സപ്ലൈ ചെയിൻ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ 1,500 പേർക്ക് നേരിട്ടും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരം ലഭിക്കും.

കേരളത്തെ ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് ഹബ്ബ് ആക്കുക എന്നതാണ് അവിഗ്നയുടെ ലക്ഷ്യം. ഇതിനോടകം തന്നെ ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള ബ്രാൻഡുകൾ അങ്കമാലിയിലെ ഈ പാർക്കിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ എസ്.വി, വാർഡ് കൗൺസിലർ രാജമ്മ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവിഗ്ന ഗ്രൂപ്പിന് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ പദ്ധതി.

50 വർഷത്തിലധികം പാരമ്പര്യമുള്ള അവിഗ്ന ഗ്രൂപ്പ് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും സജീവമാണ്. പുതിയ അങ്കമാലി പദ്ധതി കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിന് പുതു ദിശ നൽകുമെന്നും അധികൃതർ പറഞ്ഞു.

പത്രസമ്മേളനത്തിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരനും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോധ് മിശ്രയും പങ്കെടുത്തു.