ഡാലസ്: ടെക്സസിലേക്ക് മനുഷ്യക്കടത്ത് തുടരുന്നു. തിങ്കളാഴ്ച നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേരുടെ സംഘമാണ് ടെക്‌സാസ് സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സിന്റെ പിടിയിലായത്.
മെക്‌സിക്കോ ബോര്‍ഡറിനടുത്ത ലാറിഡോ സിറ്റിയില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. മൈക്കിൾ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നുവെന്ന് ടെക്സാസ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസർ ക്രിസ് ഒലിവറെസ് വെളിപ്പെടുത്തി.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഘത്തെ പിടികൂടുന്നത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ഇതേ സിറ്റിയില്‍ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച 80 പേര്‍ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയില്‍ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തിരുന്നു. അതിനുതൊട്ടുപിന്നാലെയാണ് ഇപ്പോൾ 105 പേരടങ്ങുന്ന സംഘവും പിടിയിലായിരിക്കുന്നത്.