സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 25) കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. മുണ്ടുപറമ്പ് സര്‍ക്കാര്‍ ഹോമിയോപ്പതിക് ആശുപത്രിയില്‍ രാവിലെ 10 നാണ് പരിപാടി. മരുന്ന് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ നിര്‍വഹിക്കും. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനാവും. നാഷണല്‍ ആയുഷ് മിഷന്‍ ഡി. പി. എം ഡോ. എം. എം കബീര്‍ പദ്ധതി വിശദീകരിക്കും.
ജില്ലയില്‍ 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം
വിദ്യാര്‍ഥികള്‍ക്കാണ് ഹോമിയോപ്പതി കോവിഡ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഒക്ടോബര്‍ 27 വരെ 112 കിയോസ്‌കുകളിലായാണ് മരുന്ന് വിതരണം ചെയ്യുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍സ് ആല്‍ബ് 30 എന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധമരുന്ന് നല്‍കുന്നത്. മൂന്ന് ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പായിട്ടാണ് വിതരണം. മരുന്നുകള്‍ അഞ്ച് വയസുമുതല്‍ 17 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. പ്രതിരോധമരുന്ന് ആവശ്യമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രത്തോടെ മാത്രമേ ഗുളികകള്‍ നല്‍കൂ. ഇതിനായി https://ahims.kerala.gov.in/ ല്‍ രജിസ്റ്റര്‍ ചെയ്യാം. അധ്യാപകര്‍ക്കും ആവശ്യമുണ്ടെങ്കില്‍ മരുന്ന് നല്‍കും. മൂന്ന് ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെ പഞ്ചായത്തുതല ഹോമിയോ ആശുപത്രികള്‍വഴി ഇത് വിതരണം ചെയ്യും. മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് ലഘുലേഖകള്‍ കുട്ടികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രത്യേക കിയോസ്‌കുകള്‍ സജ്ജീകരിച്ചാണ് മരുന്നുവിതരണം. മരുന്ന് വിതരണത്തിനായി സ്വകാര്യ ഹോമിയോ ഡോക്ടര്‍മാരുടെ സഹകരണവും തേടിയിട്ടുണ്ട്. ദേശീയ ആരോഗ്യമിഷന്റെ കേന്ദ്രങ്ങളിലും പ്രതിരോധമരുന്ന് ലഭിക്കും. ഈ ക്രമീകരണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റംലത്ത് കുഴിക്കാട്ടില്‍ അറിയിച്ചു.