സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് വിഷു ദിനത്തിലും പ്രതിഷേധം തുടരുകയാണ്. റോഡിലിരുന്ന് ഇന്ന് വിഷു സദ്യ കഴിച്ചുകൊണ്ടാണ് പ്രതിഷേധം. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം ( Librarian Rank Holders protest ).
ഒരുമാസത്തിലേറെയായി പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്. 2019ല്‍ ഇതുസംബന്ധിച്ച റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിരുന്നു. 612 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ആറു പേര്‍ക്ക് മാത്രമാണ് നിമയനം ലഭിച്ചത്. നിയമനത്തിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം.
പലവിധത്തിലുള്ള സമരങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുത്തെങ്കിലും ബന്ധപ്പെട്ടവര്‍ ചര്‍ച്ചയ്ക്ക് തയാറായിരുന്നില്ല. ഇതോടെയാണ് വിഷു ദിനത്തില്‍ റോഡിലിരുന്ന് വിഷു സദ്യ കഴിച്ചുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് ഇവര്‍ നീങ്ങിയത്. നിലവില്‍ വിവിധ പഞ്ചായത്തുകളില്‍ ഒഴിവുകള്‍ ഉണ്ടെങ്കിലും ഭരണസമിതികള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഫുള്‍ ടൈം പാര്‍ട്ട് ടൈം ആളുകളെ താല്‍ക്കാലിക വേതന അടിസ്ഥാനത്തില്‍ നിയമിക്കുകയുമാണ് ചെയ്യുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.