കോഴിക്കോട്:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് വോട്ട് കുറഞ്ഞതു വാർത്തയാക്കി ജന്മഭൂമി ഓൺലൈൻ.സംഭവം ആർ എസ് എസിലും സ്ഥാപനത്തിനകത്തും വിവാദമായി.ബി ജെ പി സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തു നിന്ന് കെ സുരേന്ദ്രനെ നീക്കാൻ ശ്രമിക്കുന്ന ആർ എസ് എസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിൽ എന്നാണ് ആരോപണം.
ജന്മഭൂമി നേതൃത്വം കുമ്മനം രാജശേഖരനെ വീണ്ടും പാർട്ടി പ്രസിഡൻറ് ആക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.കെ പി യോഹന്നാനുമായി പണമിടപാട് നടത്തിയും ഒന്നിലേറെ പണമിടപാട് സ്ഥാപനങ്ങൾ നടത്തുന്നയാളെ ജന്മഭൂമി അഡീഷനൽ ഡയറക്ടറാക്കിയും വിവാദത്തിൽ കുടുങ്ങിയ പത്ര നേതൃത്വം കുമ്മനത്തെ അവരോധിച്ചാൽ രക്ഷപെടാം എന്ന വിശ്വാസത്തിലാണെന്ന് പറയുന്നു.ജന്മഭൂമി മുഖ്യൻറെ സ്വന്തം ആളായ ഓൺലൈൻ എഡിറ്ററെ ശട്ടം കെട്ടിയത് ഈ മുഖ്യനാണെന്നും സഹപ്രവർത്തകർ പറയുന്നു.
കോട്ടയം സ്വദേശികളാണ് ഇരുവരും.ഓൺലൈൻ എഡിറ്റർ കുമ്മനം ഗവർണർ ആയിരിക്കെ ഒരു സ്ഥലം മാറ്റത്തിന് അദ്ദേഹത്തിൻറെ വ്യാജ ഒപ്പിട്ടതിന് പിടിക്കപ്പെട്ടെങ്കിലും പത്ര മുഖ്യൻ സംരക്ഷിക്കുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം ജന്മഭൂമിക്ക് നൽകിയിരുന്നു.
ബി ജെ പി 115 സീറ്റിലാണ് ഇക്കുറി മത്സരിച്ചത്.ഇതിൽ 70 സീറ്റിൽ 2016 ലെ വോട്ടിനെക്കാൾ കുറഞ്ഞതാണ് ജന്മഭൂമി പ്രാധാന്യത്തോടെ നൽകിയത്.45 മണ്ഡലത്തിൽ വോട്ട് കൂടിയത് ജന്മഭൂമി കാര്യമാക്കിയില്ല.121608 വോട്ടാണ് ആകെ കുറഞ്ഞതെന്ന് ജന്മഭൂമി ചൂണ്ടിക്കാട്ടുന്നു.
മിസോറം ഗവർണറായിരുന്ന കുമ്മനത്തെ ആ സ്ഥാനം രാജി വയ്‌പിച്ചു മടക്കി കൊണ്ട് വന്നത് ആർ എസ് എസ് കോട്ടയം നേതൃത്വം ആയിരുന്നു.സംഘടനയോട് ചോദിക്കാതെ ഗവർണറാക്കിയത് നേതാവിന് പിടിച്ചില്ല.ഈ മടക്കികൊണ്ടു വരലിന് നേതൃത്വം വഹിച്ച നേതൃത്വത്തിലെ രണ്ടു പേരെ ദക്ഷിണ ക്ഷേത്രീയ സഹ കാര്യവാഹ് സഥാനത്തേക്ക് നീക്കി ഒതുക്കിയെങ്കിലും ഒരാൾ ജന്മഭൂമി നേതൃ സ്ഥാനത്ത് തുടരുകയാണ്.