രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്‌പീക്കർ.
ഇന്ന് ചേർന്ന സി പി ഐ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും ചേർന്നാണ് നാല് മന്ത്രിമാരേയും തിരഞ്ഞെടുത്തത്. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും. കെ രാജനാവും ഡെപ്യൂട്ടി ലീഡർ. പാർട്ടി വിപ്പായി ഇ കെ വിജയനേയും തിരഞ്ഞെടുത്തു.ചേർത്തലയിൽ നിന്നും ജയിച്ച പി പ്രസാദും ഒല്ലൂരിൽ നിന്നും ജയിച്ച കെ രാജനും മന്ത്രിമാരാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അവശേഷിച്ച രണ്ട് പദവികളെ ചൊല്ലിയാണ് സസ്പെൻസ് നിലനിന്നത്.
ഇ കെ വിജയൻ, പി എസ് സുപാൽ എന്നിവരിൽ ഒരാൾ മന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും മന്ത്രിയാകുന്നതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുയരുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തിനുളള പ്രാതിനിധ്യം എന്ന രീതിയിൽ ജി ആർ അനിലിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.