തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിൻറെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പോലീസുകാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ഡി ജി പി അനില്‍ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരു എസ് ഐയും സി ഐയുമാണ് പണം വാങ്ങിയത്. മേപ്പാടി എസ് ഐ. എ ബി വിപിന്‍ 1.80 ലക്ഷവും കൊച്ചി മെട്രോ സ്റ്റേഷൻ സി ഐ അനന്തലാല്‍ ഒരു ലക്ഷവുമാണ് കൈപ്പറ്റിയത്. മോണ്‍സണ്‍ മാവുങ്കലിൻറെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്.
പോക്സോ കേസിൽ അറസ്റ്റിലായ മോൺസൻറെ മേക്കപ് മാൻ ജോഷിയിൽ നിന്ന് വിപിൻ ആദ്യം ഒരു ലക്ഷവും പിന്നീട് 50000 രൂപയും കൈപ്പറ്റി. ജോഷിയുടെ മറ്റൊരു അക്കൗണ്ടിൽ നിന്ന് 30000 രൂപ കൈമാറി.
പണം പറ്റിയെന്ന് ഇരുവരും ആഭ്യന്തര അന്വേഷണത്തിൽ സമ്മതിച്ചു. കടം വാങ്ങി എന്നാണ് പറഞ്ഞത്.
കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസ് പി യ്ക്കാണ് അന്വേഷണ ചുമതല. രണ്ടു മാസത്തിനുള്ളിൽ തീർക്കാനാണ് നിർദേശം.
മുൻ സംസ്ഥാന പൊലീസ് മേധാവിയെയും പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയെയും പുരാവസ്‌തു തട്ടിപ്പിൽ നിന്ന് ഒഴിവാക്കി ചിലരെ ബലിയാടാക്കാനുള്ള നീക്കത്തിൽ ഐ പി എസ് അസോസിയേഷനിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.
ഇൻറലിജൻസ് റിപ്പോർട്ടിൽ ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ തുടങ്ങിയവരെ പരാമർശിച്ചിരുന്നു. ഉന്നതരുമായി പ്രവാസി വനിത അനിത പുല്ലയിനുള്ള ബന്ധം വിവാദമായിരുന്നു.
മോൻസൻ മാവുങ്കലിന് പാറാവ് ഒരുക്കിയ ഡി ഐ ജി സുരേന്ദ്രൻ, എറണാകുളം മുൻ അസി കമ്മിഷണർ കെ ലാൽജി, മുൻ ചേർത്തല സി ഐ അനന്തലാൽ, നോർത്ത് എസ് ഐ അനസ് തുടങ്ങിയവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി.
തട്ടിപ്പിനെപ്പറ്റി ലോക്‌നാഥ് ബെഹറയ്ക്ക് മുൻപേ അറിവുണ്ടായിരുന്നുവെന്ന് അനിത വെളിപ്പെടുത്തിയിരുന്നു. അതറിഞ്ഞാണ് മോൺസൻറെ കലൂർ, ചേർത്തല വീടുകൾക്ക് പാറാവ് ഏർപ്പെടുത്തിയത് എന്ന് ആരോപണം ഉയർന്നു.
പള്‍സര്‍ സുനിയെ കൊടുംഭീകരനെ കോടതിയില്‍ കയറി പൊക്കി പോലീസ് ജീപ്പിലിട്ടത് അനന്തലാലും കൂട്ടരും ആയിരുന്നു. കൊച്ചി പോലീസ് ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചപ്പോള്‍ മുതല്‍ അനന്തലാലും അക്കൂട്ടത്തിലെ പ്രധാന അംഗങ്ങളിലൊരാളായിരുന്നു. ഷാഡോ പോലീസ് സംഘത്തിലായിരുന്നപ്പോള്‍ നിരവധി കൊടുംക്രിമിനലുകളെ അദേഹം അഴിക്കുള്ളിലാക്കി.
ചേര്‍ത്തല സ്വദേശിയായ അനന്തലാലും സംഘവുമാണ് അഡീഷണല്‍ സിജെഎം കോടതിയില്‍നിന്ന് സുനിയെയും വിജീഷിനെയും പൊക്കിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി അടങ്ങിയ നിശാപാര്‍ട്ടി നടന്നപ്പോഴും ബോട്ടില്‍ രാത്രി പാര്‍ട്ടിയിലും പ്രതികളെ പിടികൂടാന്‍ അനന്തലാലിന്റെ സേവനവും ഉപയോഗിച്ചിരുന്നു. നിഷാന്തിനി ഐപിഎസ് ഉള്‍പ്പെടെയുള്ളവരുടെ വിശ്വസ്തനെന്ന പല പ്രമുഖ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.