സര്‍ഗവസന്തം 2021: ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പിന് തുടക്കം

Share

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഇ-കൂട്ടം’ ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

വിടിനുള്ളില്‍ മാത്രം കുട്ടികള്‍ കഴിയുന്ന ആസാധാരണമായ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി വനിത ശിശു വികസന വകുപ്പിന്റെ സുപ്രധാനമായ ഒരു ഇടപെടലാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വകുപ്പ് നടത്തുന്ന ഇടപെടലുകളേയും ഇ-കൂട്ടം മോഡ്യൂള്‍ തയ്യാറാക്കിയ ഔര്‍ റെസ്പിസിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഈ പരിപാടിയോടൊപ്പം തന്നെ വനിത ശിശുവികസന വകുപ്പ് ബാലവേല വിരുദ്ധ ദിനാചരണവും വെബിനാറും സംഘടിപ്പിച്ചു.

കോവിഡിനെ തുടര്‍ന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളില്‍ കുട്ടികള്‍ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. കുട്ടികള്‍ അവരുടെ വളര്‍ച്ചയ്ക്കനുസരിച്ച് നേടേണ്ട പല സാമൂഹികമായ കഴിവുകളും ഇന്നത്തെ സാഹചര്യത്തില്‍ നേടാന്‍ കഴിയാതെ വരുന്നുണ്ട്.

കളിക്കാന്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാതെ വീടിനുള്ളില്‍ മാത്രം സമയം ചെലവഴിക്കുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വിഷമകരമായ ഒന്നാണ്. ഈ സാഹചര്യം മറികടക്കുന്നതിലേക്കായി വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയും യൂണിസെഫും ചേര്‍ന്ന് സംസ്ഥാനത്തെ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തതാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പ്.

ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് കൂട്ടികളുടെ മാനസിക ഉല്ലാസം വര്‍ദ്ധിപ്പിക്കുക, കുട്ടികളുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക, കഥ, കവിത തുടങ്ങിയ സാഹിത്യ മേഖലകളുടെ പ്രാധാന്യം കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക, മലയാള ഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്ക് നല്‍കുക തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പില്‍ കുട്ടികള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

കളിച്ചും, ചിരിപ്പിച്ചും, കൂട്ടുകൂടിയും കുട്ടികളെ സന്തോഷമാക്കുന്നതിന് വേണ്ടിയാണ് ഇ-കൂട്ടം ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് ഇ-കൂട്ടം ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കുന്നു.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതവും സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു നന്ദിയും പറഞ്ഞു.