സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും നിരുത്തരവാദിത്ത്വത്തിന്റെയും ഫലമായി കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി വന്‍പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുഡിഎഫ് സര്‍ക്കാര്‍ 2015 ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത് നാലു വര്‍ഷം കൊണ്ട് 2019 ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച വിഴിഞ്ഞം പദ്ധതിയെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണ്.
സര്‍ക്കാര്‍ നോക്കുകുത്തിയായിരുന്ന് ആറു വര്‍ഷം പാഴാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അദാനി പോര്‍ട്ട് മൂന്നുവര്‍ഷത്തോളം നീട്ടിച്ചോദിച്ചിരിക്കുകയാണ്. ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇതിലേക്കു നയിച്ചത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഒരുവിധത്തിലുള്ള മേല്‍നോട്ടവും വഹിക്കാതെ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
യുഡിഎഫ് ഏറ്റെടുത്തു നല്കിയ 90 ശതമാനം ഭൂമിയല്ലാതെ ഒരു സെന്റ് ഭൂമിപോലും ഇതുവരെ ഏറ്റെടുത്തില്ല. റിസോര്‍ട്ട് മാഫിയയുടെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു. തുറമുഖത്തേക്കുള്ള റെയില്‍ കണക്ടീവിറ്റിക്ക് ഇതുവരെ അനുമതി നേടിയെടുക്കാനായില്ല. കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട 800 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും ഇതുവരെ കിട്ടിയില്ല. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചപോലുമില്ല. പാറ സംഭരിക്കുന്നതില്‍ അദാനി പോര്‍ട്ട് വീഴ്ച വരുത്തി.
സര്‍ക്കാരും അദാനിപോര്‍ട്ടും തമ്മില്‍ യാതൊരുവിധ ഏകോപനവും ഇല്ലെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. 2019ല്‍ തീരേണ്ട പദ്ധതി എന്നു പൂര്‍ത്തിയാകുമെന്നു യാതൊരു നിശ്ചയവുമില്ല. പലവട്ടം തീയതി മാറ്റി പ്രഖ്യാപനം ഉണ്ടായി. പദ്ധതി നീണ്ടാല്‍ കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. ഇതിനായി ആര്‍ബിട്രേഷന് വ്യവസ്ഥയുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അദാനിപോര്‍ട്ടിന് നഷ്ടപരിഹാരം നല്കാതെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
പിണറായി സര്‍ക്കാരിന് ഇതുവരെ സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനായിട്ടില്ല. യുഡിഎഫ് പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ ഉദ്ഘാടനം ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്. ഒരു പദ്ധതി ആവിഷ്‌കരിക്കാനോ നടപ്പാക്കാനോ പിണറായി സര്‍ക്കാരിന് കഴിവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നു സുധാകരന്‍ പറഞ്ഞു.