സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നും സർവകക്ഷിയോഗത്തിൽ പൊതു അഭിപ്രായമുയർന്നു.
സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു.
അതേസമയം, വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും.
അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.