കൊച്ചി: സര്‍ക്കാരിന്റെ വിവിധ ലഘു സമ്പാദ്യ പദ്ധതികളില്‍ചേര്‍ന്നവര്‍ ആറ് മാസത്തിനകം ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും. ആധാര്‍ നല്‍കുന്ന മുറയ്ക്ക് അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാകും. ഇതുസംബന്ധിച്ച് നിക്ഷേപ പ്രോത്സാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി.
ഇത്തരം നിക്ഷേപ പദ്ധതികളില്‍ അക്കൗണ്ട് എടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ നല്‍കണം. ആധാറില്ലെങ്കില്‍ അതിനായി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ആധാര്‍ എന്‍ റോള്‍മെന്റ് സ്ലിപ് സമര്‍പ്പിച്ച് അക്കൗണ്ട് തുടങ്ങാം. ആറ് മാസത്തിനകം ആധാര്‍ നല്‍കണം. മുന്‍പ് മറ്റ് തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതിയായിരുന്നു.
അക്കൗണ്ട് എടുക്കുന്ന സമയത്ത് പാന്‍ നമ്പര്‍ നല്‍കാതിരുന്നവര്‍ രണ്ട് മാസത്തിനകം നല്‍കണമെന്നാണ് നിര്‍ദേശം. അക്കൗണ്ടിലെ ബാലന്‍സ് 50,000 രൂപയ്ക്കു മുകളിലാവുകയോ ഒരു മാസത്തെ പണമിടപാട് 10,000 രൂപ കടക്കുകയോ ചെയ്താല്‍ മാത്രം പാന്‍ നല്‍കിയാല്‍ മതിയാകും. മുന്‍പ് എല്ലാവര്‍ക്കുമിത് ബാധകമായിരുന്നു.
അതേസമയം ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30വരെ യുള്ള പാദത്തിലെ പലിശ നിരക്ക് ഉയര്‍ത്തി. സേവിംഗ്‌സ് ഡപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനമായി തുടരും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം 8.2%, കിസാന്‍ വികാസ് പത്ര: 7.5% (മെച്യൂരിറ്റി കാലയളവ്: 115 മാസം), പോസ്റ്റ് ഓഫീസ് ഒരുവര്‍ഷ ടേം ഡപ്പോസിറ്റ്: 6.8%, പോസ്റ്റ് ഓഫീസ് 2 വര്‍ഷ ടേം ഡപ്പോസിറ്റ്: 6.9%, പോസ്റ്റ് ഓഫീസ് മൂന്നുവര്‍ഷത്തെ ടേം ഡപ്പോസിറ്റ് 7 %, പോസ്റ്റ് ഓഫീസ് 5 വര്‍ഷ ടേം ഡപ്പോസിറ്റ്: 6.2%, അഞ്ച് വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപ പലിശ 6.2%, പ്രതിമാസ വരുമാന സ്‌കീം: 7.4 %, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 7.7 %, സുകന്യ സമൃദ്ധി യോജന പലിശ: 8% എന്നിങ്ങനെ കൂട്ടി. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.1% വാര്‍ഷിക പലിശ നിരക്ക് തുടരും.