കൊച്ചി: സപ്ലൈകോ ഭക്ഷ്യ വസ്തുക്കളുടെ സംഭരണ രീതി കുറ്റമറ്റതാക്കുമെന്നും സപ്ലൈക്കോയിലൂടെ വില്‍ക്കുന്ന സാധനങ്ങളുടെ വില ഇനിയും കുറക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സപ്ലൈകോ ആസ്ഥാനമായ എറണാകുളം മാവേലി ഭവനില്‍ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടെണ്ടര്‍ നടപടിയുടെ ഭാഗമായി ടെണ്ടറില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഉല്പന്നങ്ങളുടെ സാമ്പിള്‍ മന്ത്രിയുടെ ഓഫീസ് മുതല്‍ ഡിപ്പോ വരെ പരിശോധനയ്ക്കു നല്‍കണം. 14 ജില്ലകളിലെ ഡിപ്പോകളിലെയും ഗുണനിലവാര പരിശോധനയ്ക്കു ശേഷം മാത്രമേ ഉല്പന്നങ്ങള്‍ സംഭരിക്കുകയുളളൂ. സപ്ലൈകോ വിതരണ ശാലകളിലും ഇവ തന്നെ വിതരണം ചെയ്യണമെന്നതിന്റെ അടിസ്ഥാനത്തിലാണിതു ചെയ്യുന്നത്. ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.
ഇംഗ്ലിഷ് മരുന്നുകളുടെ വില്പന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വില വീണ്ടും കുറയ്ക്കും. ഇന്‍സുലിന്‍ ഉല്പന്നങ്ങള്‍ക്ക് എം.ആര്‍ പിയില്‍ 50 ശതമാനം മാര്‍ജിനുളളവയുടെ വില 20 ശതമാനം മുതല്‍ 22 ശതമാനം വരെയായി പുനര്‍ നിശ്ചയിക്കും. ഇന്‍സുലിന്‍ ഇതര ഉല്പന്നങ്ങള്‍ കുറഞ്ഞ ഇളവ് 13 ശതമാനമായും പുനര്‍ നിശ്ചയിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്ന മരുന്നുകള്‍ പരമാവധി വില്പന വില വാങ്ങല്‍ വിലയുടെ 25 ശതമാനമായി കുറച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, എഫ് എം സി ജി ഉല്പന്നങ്ങള്‍ എന്നിവയ്ക്കും വില്പന വില മരുന്നുകള്‍ക്ക് നല്‍കുന്ന രീതിയില്‍ പുനര്‍ നിശ്ചയിച്ചിട്ടുണ്ട്. 20 ശതമാനവും കുറവ് പര്‍ച്ചേസ് മാര്‍ജിന്‍ ലഭിക്കുന്ന എഫ് എം സി ജി ഉല്പന്നങ്ങള്‍ക്ക് പര്‍ച്ചേസ് നിരക്കില്‍ അഞ്ചുശതമാനം മാര്‍ജിനില്‍ വില്പന നല്‍കിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.
എഫ് എം സി ജി വഴി വാങ്ങുന്ന അരിയടക്കമുളളവയുടെ വില പര്‍ച്ചേയ്‌സ് കോസ്റ്റും ആറു ശതമാനം ലാഭവും ചേര്‍ത്താണ് നിശ്ചയിക്കുക. എഫ് എം സി ജി യില്‍ നിന്നു വാങ്ങുന്ന വെളിച്ചെണ്ണ , സൂര്യകാന്തി എണ്ണ , പാമോയില്‍, തവിടെണ്ണ എന്നിവയ്ക്കും പര്‍ച്ചേസ് കോസ്റ്റും എട്ടു ശതമാനം ലാഭവും മാത്രമെ ഈടാക്കുകയുളളൂ. ഡീസെലിനും,പെട്രോളിനും അടിക്കടി വില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സപ്ലൈകോ പൊതുവിപണിയില്‍ ഇടപെട്ട് നിത്യോപയോഗസാധനങ്ങളുടെ വില വര്‍ദ്ധനവ്പിടിച്ചു നിര്‍ത്താനായി. കഴിഞ്ഞ അഞ്ചര വര്‍ഷമായി സപ്ലൈകോ വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചിട്ടില്ല. ചിലതിന്റെ വില കുറഞ്ഞിട്ടുമുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദന സംസ്ഥാനത്തേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് നമ്മുടെ സംസ്ഥാനത്ത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ കാര്‍ഡുകളില്‍ ലഘൂകരണം വന്നതോടെ കാര്‍ഡുകള്‍ പ്രയാസരഹിതമായി ലഭിക്കാന്‍ തുടങ്ങി. റേഷന്‍ കാര്‍ഡുകളിലൂടെ കൃത്യത വരുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 15 വരെ റേഷന്‍ കടകള്‍ വഴി അതിനുളള മാര്‍ഗ്ഗങ്ങള്‍ തയ്യാറായിട്ടുണ്ട്. പരാതിപ്പെട്ടികള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.
സി.എം.ഡി അലി അസ്ഗര്‍ പാഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ മാനേജര്‍ ടി.പി. സലിം കുമാര്‍, മറ്റ് മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് സപ്ലൈകോ ആസ്ഥാനത്തിനടുത്തുളള ഹൈപ്പര്‍ മാര്‍ക്കറ്റും മന്ത്രി സന്ദര്‍ശിച്ചു.