സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും – മുഖ്യമന്ത്രി

Share

നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും. നാല് മിഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നവകേരള കര്‍മ്മപദ്ധതി സെല്‍ രൂപീകരിക്കും. നവകേരള മിഷനുകളുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകളുടെ ഏകോപനം ഫലപ്രദമായി നടത്താനുള്ള ചുമതല നവകേരള കര്‍മ്മപദ്ധതി സെല്ലിനായിരിക്കും. സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ളര്‍ ഉള്‍പ്പെടെ സെല്ലിന്‍റെ ഭാഗമാകും. മോണിറ്ററിംഗ്, പരിശീലനം, ക്യാമ്പയിന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ സെല്‍ ഏകോപിപ്പിക്കും. പദ്ധതി ആവിഷ്ക്കരണം, നടപ്പാക്കല്‍, മോണിറ്ററിംഗ് എന്നീ കാര്യങ്ങളില്‍ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തും. വലിയ ജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ അതത് വകുപ്പുകള്‍ വഴി ആവിഷ്കരിക്കും. ത്രിതല പഞ്ചായത്ത് തലത്തില്‍ മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

കഴിഞ്ഞ കാലങ്ങളില്‍ തുടങ്ങിവച്ച് പൂര്‍ത്തികരിക്കാന്‍ ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ വെക്കേഷന്‍ ഉള്‍പ്പെടെ പഠനത്തിനുവേണ്ടി ഉപയോഗപ്പെടുത്തി 200 അധ്യയന ദിവസം ഉറപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. പൊതുവിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വ്യാപിപ്പിക്കും.

ഡിജിറ്റല്‍ ക്യാമ്പയിന്‍ ഏറ്റെടുക്കും. പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ജനകീയ പ്രചരണത്തിന് പ്രാധാന്യം നല്‍കും. ഇതിന്‍റെ ഭാഗമായ ബോധവല്‍ക്കരണവും നടത്തും. അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കും. ഉന്നതവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താന്‍ പ്രത്യേക കര്‍മ്മപദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.