“സണ്ണിയുടെ കൂടെയൊക്കെ പിടിച്ചുനില്‍ക്കേണ്ടേ..”; വൈറല്‍ ലുക്കിനെക്കുറിച്ച് പ്രതികരണവുമായി മഞ്ജു വാര്യര്‍

Share

വെള്ള ഷര്‍ട്ടും കറുപ്പ് സ്കേര്‍‌ട്ടും അണിഞ്ഞ് പുതിയ ചിത്രമായ ചതുര്‍മുഖത്തിന്‍റെ പ്രസ് മീറ്റിന് കയ്യും വീശിയെത്തിയ മഞ്ജു വാര്യരാണ് രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ. പ്രായത്തെ വെല്ലുന്ന മഞ്ജുവിന്‍റെ ലുക്ക് തന്നെയായിരുന്നു ചര്‍ച്ചാവിഷയം മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’.

മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ആണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

‘ചതുർമുഖ’ത്തിന്റെ പ്രസ് മീറ്റിന് എത്തിയ മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഭിമുഖത്തിനിടെ അവതാരകനും ചോദിച്ചത്, മഞ്ജുവിന്റെ മാറ്റത്തെ കുറിച്ചും എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നുമാണ്. “സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?,” എന്നാണ് ചിരിയോടെ മഞ്ജുവിന്റെ മറുപടി. “ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണ്,” എന്നും മഞ്ജു പറഞ്ഞു.

“അഭിനയം എന്ന പ്രൊഫഷനെ മഞ്ജു വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് ഇതെന്നാണ്,” മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് സണ്ണിയ്ക്ക് പറയാനുണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾ ദുഷ്മൻ ദുഷ്മൻ ആണ്,” എന്നായിരുന്നു കുസൃതിയോടെ സണ്ണിയുടെ ഉത്തരം.

സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ എന്നും മഞ്ജു പറയുന്നു. “സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ ഷെയർ ചെയ്യുന്നതും വളരെ രസകരമായ ബോണ്ടാണ്. സണ്ണി നിർമ്മിച്ച സിനിമയിലും എനിക്കൊരു വേഷം തന്നു.”

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.