സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു.
മന്ത്രിമാരായ വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.
സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്.
കുട്ടികള്‍ക്ക് കോവാക്‌സിന്‍ മാത്രമാണ് നല്‍കുക.
രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്.
സ്‌കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്യും.
വാക്‌സിനേഷന്‍ ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫുകള്‍ എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം.