‘ഷീബയുടെ അടുത്തേയ്ക്ക് നൗഷാദ് യാത്രയായി’; വേദനയോടെ സിനിമാ ലോകം

Share

ചലച്ചിത്ര നിർമാതാവായിരുന്നുവെങ്കിലും പാചകരംഗത്തായിരുന്നു നൗഷാദിന് ഏറെ ആരാധകരുണ്ടായിരുന്നത്. സൗമ്യമായ പുഞ്ചിരിയും ലാളിത്യമാർന്ന അവതരണ ശൈലിയുമാണ് നൗഷാദിനെ വ്യത്യസ്തനാക്കിയിരുന്നത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.

കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളർത്തി. രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി.

പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് ഇവരുടെ ഏക മകൾ. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിലായിരുന്നു നഷ്വ. അതൊടൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാൽ നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചകത്തോടുള്ള താൽപര്യം പകർന്നു കിട്ടിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടർന്ന് നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു.

സിനിമയോട് വലിയ താൽപര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം. ഉച്ചയ്ക്ക് ഒന്നരയോടെ ഭൗതിക ശരീരം തിരുവല്ലയിലെ വീട്ടിലെത്തിച്ചു. മകളടക്കമുള്ള ബന്ധുക്കള്‍ അന്തിമോപചാരംഅര്‍പ്പിച്ചു. തുടര്‍ന്ന് നൗഷാദ് പഠിച്ച തിരുവല്ല എസ്.സി.എസ്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം. സര്‍ക്കാരിന്‍റെ ആദരവും ഏറ്റുവാങ്ങി. തിരുവല്ല മുത്തൂര്‍ ജുമാമസ്ജിദില് ഭൗതികശരീരം കബറടക്കി.