ശബരിമല: മാളികപ്പുറം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഗണപതിയെ പ്രതിഷ്ഠിച്ചത്. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീർത്ത ചെറിയൊരു ശ്രീകോവിലിലായിരുന്നു ഇന്ന് 12.10 നും 12.20നും മദ്ധ്യേയുള്ള മുഹൂർത്തത്തിലെ ഗണപതി ഭഗവാൻ്റെ പ്രതിഷ്ഠ.
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ നമസ്കാര മണ്ഡപത്തിൽ വർഷങ്ങളായി വച്ച് പൂജ ചെയ്തിരുന്ന ഗണപതിയുടെ വിഗ്രഹമാണ് ദേവപ്രശ്ന വിധി പ്രകാരം മാളികപ്പുറത്ത് പ്രതിഷ്ഠിച്ചത്.
ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ. പ്രതിഷ്ഠയ്ക്ക് ശേഷം വിഘ്നേശ്വരന് കലശാഭിഷേകവും പൂജയും നടത്തി. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ തുടങ്ങിയവർ പ്രതിഷ്ഠാചടങ്ങിൽ സംബന്ധിച്ചു.
ഇടവമാസ പൂജകൾ പൂത്തിയാക്കി ശബരിമല ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും
. ശബരിമല പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ക്ഷേത്രനട ഈ മാസം 22 ന് വൈകിട്ട് വീണ്ടും തുറക്കും. 23 ന് പൂജകൾ നടത്തി രാത്രി നട അടയ്ക്കും. മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത് ജൂൺ 14ന് വൈകുന്നേരമായിരിക്കും. 15 മുതൽ 19 വരെ ക്ഷേത്ര തിരുനട തുറന്നിരിക്കും.