ശബരിമല തീര്‍ഥാടനം: 213 വിശുദ്ധി സേനാംഗങ്ങള്‍ സേവനത്തിന്

Share
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി മുഖാന്തരം 213 പേര്‍ സേവനത്തിന് എത്തും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി  ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. 

സന്നിധാനത്ത് 100 വിശുദ്ധി സേനാംഗങ്ങളും പമ്പയിലും നിലയ്ക്കലിലുമായി 50 പേര്‍ വീതവും കുളനടയിലും പന്തളത്തുമായി 13 പേരേയുമാണ് നിയോഗിക്കുന്നത്. തമിഴ്‌നാട് അയ്യപ്പ സേവാ സംഘം യൂണിറ്റാണ് വിശുദ്ധി സേനാംഗങ്ങളെ എത്തിക്കുന്നത്.

വിശുദ്ധി സേനാംഗങ്ങള്‍ക്ക് യൂണിഫോം, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയുറ, പായ, പുതപ്പ്, സോപ്പ്, വെളിച്ചെണ്ണ, ഭക്ഷണ സൗകര്യം, താമസ സൗകര്യം എന്നിവ ഒരുക്കും. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവബോധത്തിനുമായി വിവിധ ഭാഷകളില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.


യോഗത്തില്‍ അടൂര്‍ ആര്‍.ഡി.ഒ തുളസീധരന്‍പിള്ള, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, അയ്യപ്പ സേവാ സംഘം പ്രതിനിധി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനം നടപ്പാക്കുന്നതില്‍, അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലേക്കായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറ്റിയുടെ ആഭിമുഖ്യത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. https://pathanamthitta.nic.in/